keralaKerala NewsLatest News

ശബരിമല സ്വർണപാളി കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വർണപാളികളുടെ തൂക്കം കുറവ് സംബന്ധിച്ച കേസിൽ ഹൈക്കോടതി അന്വേഷണം നിർദ്ദേശിച്ചു. ദേവസ്വം വിജിലൻസ് എസ്.പി.ക്ക് വിഷയത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019-ൽ അഴിച്ചെടുക്കുമ്പോൾ 42 കിലോ ആയിരുന്ന സ്വർണപാളികളുടെ തൂക്കം, ചെന്നൈയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചപ്പോൾ 38 കിലോ ആയി കുറഞ്ഞതായി രേഖകളിൽ നിന്നാണ് വ്യക്തമായത്. ബുധനാഴ്ച കേസ് പരിഗണനയ്‌ക്കെത്തിയപ്പോൾ ഹൈക്കോടതി ബെഞ്ച് രേഖകൾ പരിശോധിച്ചതിനെ തുടർന്ന് സംശയങ്ങൾ ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ എന്തുകൊണ്ട് അന്വേഷണം നടത്താത്തതെന്നും, അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി സ്വർണപാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്തിനാണെന്നും കോടതി ചോദിച്ചു. ഇത്തരം നടപടികൾക്കായി ഹൈക്കോടതിയുടെ അനുമതി തേടേണ്ടതാണെന്ന നിർദേശം പാലിക്കാത്തതിലും കോടതി അസന്തോഷം രേഖപ്പെടുത്തി.

സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് കോടതി സ്വമേധയാ ഇടപെട്ടതാണ്. ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികൾ ഉടൻ തിരികെ കൊണ്ടുവരണമെന്നും, കാര്യത്തിൽ നടപടിയെടുക്കാത്തതിന് കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അതേസമയം, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തിയത് അനുസരിച്ച്, 2019-ൽ ദ്വാരപാലക ശിൽപ്പങ്ങൾക്ക് പീഠം നിർമ്മിക്കാൻ മൂന്നു പവൻ സ്വർണം സംഭാവന ചെയ്തിരുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനം ആണ് ഇത് നിർമിച്ചത്. എന്നാൽ അളവിലെ വ്യത്യാസം കാരണം പീഠം ഘടിപ്പിക്കാൻ സാധിക്കാതെ പോയെന്നും പിന്നീട് അത് എവിടെ പോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ആറു വർഷമായി പീഠത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും, പാളികളുടെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സമയത്ത് ഇത് കൂടി ഉണ്ടായിരിക്കുമെന്നാണു കരുതിയതെങ്കിലും പിന്നീട് കാണാതായതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Tag: Sabarimala gold plating case: High Court orders investigation

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button