ആറാം ക്ലാസുകാരിയുടെ തലയില്‍ അധ്യാപിക ചോറ്റുപാത്രം കൊണ്ടിടിച്ചു; തലയോട്ടിക്ക് പൊട്ടല്‍

ആന്ധ്രപ്രദേശ് : ആറാം ക്ലാസുകാരിയുടെ തലയില്‍ ചോറ്റുപാത്രം കൊണ്ടിടിച്ച് അധ്യാപികയുടെ ക്രൂരതയിൽ വിദ്യാര്‍ഥിനിയുടെ തലയോട്ടിക്ക് പൊട്ടലേറ്റു. ഹിന്ദി അധ്യാപികയായ സലീമ ബാഷയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി സാത്വിക നാഗശ്രിയെ ചോറ്റുപാത്രം കൊണ്ട് ഇടിച്ചത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്ങന്നൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം . ക്ലാസിൽ മോശമായി പെരുമാറിയതിന്റെ ദേഷ്യത്തിലാണ് അധ്യാപിക വിദ്യാർത്ഥിനിയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇതേ സ്കൂളിൽ സയൻസ് അധ്യാപികയാണ് കുട്ടിയുടെ അമ്മ വിജേത. എന്നാല്‍ ആദ്യം പരുക്കിന്റെ ഗൗരവം കുടുംബത്തിന് മനസിലായിരുന്നില്ല. സെപ്റ്റംബര്‍ 10 നാണ് കുട്ടിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വിവിധ ആശുപത്രികളിലെ ചികില്‍സയ്ക്ക് ശേഷം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്കാനിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചത്.
ഇതോടെ അധ്യാപിക സലീമയ്ക്കും പ്രിന്സിപ്പാല് സുബ്രമണ്യത്തിനും എതിരെ പൊലീസില്‍ പരാതി നല്കി. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.