ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ ; ആക്രമണത്തിൽ 83 പേർ കൂടി കൊല്ലപ്പെട്ടു

ഗാസയെ മരണത്തുരുത്താക്കിക്കൊണ്ട് ഗാസാ സിറ്റിയിൽ കര-വ്യോമ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ സൈന്യം. കരയാക്രമണം തുടങ്ങിയതിന്റെ രണ്ടാംദിനമായ ബുധനാഴ്ച അക്രമണത്തിൽ 83 പേർ കൂടി കൊല്ലപ്പെട്ടു.വടക്കൻ ഗസ്സയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനികവാഹനങ്ങളും എത്തിയതോടെ പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപലായനം നടത്തുകയാണ്.
ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളി. ഇതിനിടെ വടക്കൻ ഗസയിൽ നിന്നും തെക്കൻ ഗസയിലേക്ക് പലായനം ചെയ്യുന്നവർക്കായി താത്ക്കാലിക പാത തുറന്നതായി ഇസ്രയേൽ. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂർ നേരത്തേക്കാണ് തുറന്നത്. നേരത്തെ അൽ റാഷിദ് തീരദേശ പാത മാത്രമായിരുന്നു പലായനത്തിനായി തുറന്നിരുന്നത്. എന്നാൽ അൽ റാഷിദ് പാതയിലൂടെയുള്ള ജനങ്ങളുടെ തിരക്ക് അന്താരാഷ്ട്ര വിമർശനങ്ങൾക്കടക്കം വഴിവെച്ചിരുന്നു. തെക്കന്‍ ഗസയിലെ അല്‍മവാസിയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് ഗസ സിറ്റി വിട്ടത്.

ഇതിനിടെ ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിച്ചു. ഇസ്രയേലിന്റെ ഗസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമെന്നും യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഗസയിലെ ഇസ്രയേൽ ആക്രമണം വംശഹത്യയെന്ന് അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്‌സ് പറഞ്ഞു. ദോഹ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഖത്തർ പരാതി നൽകും.