കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് കഷ്ണം അടർന്ന് വീണ് അപകടം ; ഒരാൾക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ വീണ്ടും അപകടം. . കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോൺക്രീറ്റ് അടർന്നുവീണു. കുമരകം ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോൾ ഷിബുവിനാണ് നിസ്സാര പരുക്കേറ്റത്. വലിയ അപകടം ഒഴിവായത് . എന്നിരുന്നാലും ആരോഗ്യവകുപ്പിന്റെയും , ആശുപത്രി കെട്ടിടങ്ങളുടെയും ശോചനീയാവസ്ഥ യുടെ ഒരു നേർചിത്രം കൂടിയാണിത് . ആശ്രയം ആകേണ്ട ആശുപത്രികൾ അപകടകെണിയായി മാറുന്ന കാഴ്ച .
ഇത് ആദ്യമായല്ല കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടത്തിൽ അപകടമുണ്ടാക്കുന്നത്. മുൻപ് ഇതേപോലെ തന്നെ ഉപയോഗശൂന്യമായ ഒരു പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്ന സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്കായി കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
രോഗികൾക്ക് ചികിത്സ നൽകേണ്ട ഒരിടം അവരുടെ ജീവന് ഭീഷണിയാകുന്നു എന്നത് അതീവ ഗൗരവമായ വിഷയമാണ്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കേണ്ടത് ഒരു ആശുപത്രിയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. കെട്ടിടങ്ങളുടെ കാലപ്പഴക്കം മൂലമുള്ള അപകടസാധ്യതകൾ അവഗണിക്കാതെ അടിയന്തരമായി അറ്റകുറ്റപ്പണികളും സുരക്ഷാപരിശോധനകളും നടത്തേണ്ടതുണ്ട്. അപകങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ശ്രദ്ധ പുലർത്താതെ അപകടം ഒഴിവാക്കാനുള്ള മാർഗങ്ങൾ കൂടി കണ്ടെത്താൻ അധികൃതർ ശ്രദ്ധിക്കണം .