keralaLatest NewsNewsPolitics

‘പരാതിയില്‍ പൊലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അതില്‍ അഭിമാനമുണ്ട് ‘ സിപിഐഎം നേതാവ് കെ ജെ ഷൈന്‍

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അതില്‍ അഭിമാനമുണ്ടെന്നും സിപിഐഎം നേതാവ് കെ ജെ ഷൈന്‍. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ഷൈന്‍ പറഞ്ഞു. നെഹ്റുവിന്റെ, ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തില്‍ സംസ്‌കാരം എന്തെന്ന് പറയുന്നുണ്ടെന്നും അതെല്ലാവരും വായിക്കണമെന്നും ഷൈന്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് സംസ്‌കാരം നില നില്‍ക്കണം. എങ്കിലേ ഉയര്‍ന്ന ആശയ ചിന്താഗതികള്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. സ്ത്രീ പുരുഷ ലൈംഗികത നടുറോഡില്‍ വലിച്ചിഴക്കപ്പെടേണ്ടതല്ല’, ഷൈന്‍ പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കുടുംബത്തിനും എതിരായ സൈബര്‍ ആക്രമണത്തിലും കെ ജെ ഷൈന്‍ പ്രതികരിച്ചു. സ്ത്രീയെയും പുരുഷനെയും ഏതൊരു മനുഷ്യനെയും മോശം ആയി ചിത്രീകരിക്കാന്‍ പാടില്ലെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അത് ചെയ്യാന്‍ പാടില്ലെന്നും കെ ജെ ഷൈന്‍ പറഞ്ഞു.

അതേസമയം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തയാണെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയും പ്രതികരിച്ചു. സമൂഹം അപലപിക്കേണ്ട കാര്യമാണിതെന്നും തന്റെ സാമൂഹിക പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തെറ്റായ സംഭവം സത്യമെന്ന് തോന്നിക്കും വിധം കെ എം ഷാജഹാന്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നും ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

‘പറവൂരില്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം തിരുവനന്തപുരത്തിരുന്ന് ഷാജഹാന്‍ എങ്ങനെ അറിഞ്ഞു? ഇത് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ബാധ്യത ഷാജഹാനുണ്ട്. സമ്പന്നമായ രാഷ്ട്രീയ ചരിത്രത്തിന് കളങ്കം ഏല്‍പ്പിക്കുന്ന സംഭവമാണിത്. സമൂഹമാധ്യമ ഇടം ദുരുപയോഗം ചെയ്തു. ആരോപണങ്ങള്‍ പടച്ചുവിടുന്നവര്‍ എനിക്കൊരു കുടുംബമുണ്ട് എന്നോര്‍ക്കണം. ഭാര്യയും മക്കളും ഉണ്ട് എന്ന് ഓര്‍ക്കണം’, ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button