ടൈലനോൾ ഗർഭാവസ്ഥയിൽ വേദനസംഹാരിയായി കഴിക്കരുതെന്ന് ഡോണൾഡ് ട്രംപ്
നവജാത ശിശുക്കൾക്ക് നൽകുന്ന വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നും ട്രംപ് നിർദേശിച്ചു.

വാഷിങ്ടൻ : ടൈലനോൾ ഗർഭാവസ്ഥയിൽ വേദനസംഹാരിയായി കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗർഭിണികൾ ടൈലനോൾ കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നവജാത ശിശുക്കൾക്ക് നൽകുന്ന വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നും ട്രംപ് നിർദേശിച്ചു.
‘‘ഗർഭകാലത്ത് കഴിക്കാൻ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളിൽ ഒന്നായി അസറ്റാമിനോഫെൻ ആരോഗ്യ വിദഗ്ധർ പണ്ടേ നിർദേശിച്ചിട്ടുണ്ട്. ടൈലനോൾ കഴിക്കുന്നത് നല്ലതല്ല. ഗർഭകാലത്ത് സ്ത്രീകൾ ടൈലനോൾ ഉപയോഗം പരിമിതപ്പെടുത്തണം. അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
നവജാത ശിശുക്കൾക്ക് നൽകുന്ന പതിവ് വാക്സീൻ ഷെഡ്യൂളിൽ മാറ്റങ്ങൾ നിർദേശിക്കുന്നതായിരുന്നു ട്രംപിന്റെ വാർത്താസമ്മേളനം. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കൾക്ക് വാക്സീൻ നൽകേണ്ട ഒരു കാര്യവുമില്ലെന്ന് തെളിവുകളൊന്നും ഇല്ലാതെ അദ്ദേഹം വാദിച്ചു. കുഞ്ഞിന് 12 വയസ്സ് പ്രായമാകുന്നതുവരെ കാത്തിരിക്കണമെന്നാണ് ട്രംപ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് ബിയുടെ ആദ്യ ഡോസ് ഒരു മാസത്തേക്ക് വൈകിപ്പിക്കണമെന്ന് ആരോഗ്യ മേധാവി റോബർട്ട് എഫ്. കെന്നഡി ജൂനിയർ നിയമിച്ച ഉപദേശക സമിതി നിർദേശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന.
ഗർഭകാലത്ത് പാരസറ്റമോളിന്റെയോ ടൈലനോളിന്റെയോ ഉപയോഗം മൂലം കുഞ്ഞുങ്ങൾക്ക് ഓട്ടിസം വരാൻ സാധ്യതയുണ്ടെന്ന പ്രഖ്യാപനം നടത്താൻ യുഎസ് ആരോഗ്യ സെക്രട്ടറിയായിരുന്ന റോബർട്ട് എഫ്. കെന്നഡി തയാറെടുത്തിരുന്നതായി സെപ്റ്റംബറിൽ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
Donald Trump said that Tylenol should not be consumed as a painkiller during pregnancy.