സാൾട്ട് ബേയുടെ തിരിച്ചു വരവ്
2017 ൽ, ഒരു വിഡിയോയിലൂടെയാണ് സാൾട്ട് ബേ ലോകമെമ്പാടും പ്രശസ്തനാകുന്നത്

സാള്‍ട്ട് ബേ ഇ ഒരു പേര് ഒരു മനുഷ്യനും മറക്കില്ല
ഇറച്ചിയിലേക്ക് സ്റ്റൈലായി ഉപ്പ് വിതറി വൈറലായ, ലോകത്തിലെ ഒരേയൊരു മനുഷ്യന്‍ ആരെന്നു ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ, സാള്‍ട്ട് ബേ എന്നറിയപ്പെടുന്ന നുസ്രത് ഗോച്ചെയാണ് ആ ആള്‍. 2017 ൽ, ഒരു വിഡിയോയിലൂടെയാണ് സാൾട്ട് ബേ ലോകമെമ്പാടും പ്രശസ്തനാകുന്നത്. ആ വിഡിയോയില്‍, അദ്ദേഹം ഇറച്ചി മുറിക്കുന്നതിലെ കൃത്യതയും, ഉപ്പ് വിരലുകളിൽ നിന്ന് കൈമുട്ടിൽ തട്ടി താഴേക്ക് വിതറുന്ന, അദ്ദേഹത്തിന്‍റെ പ്രത്യേക സ്‌റ്റൈലുമെല്ലാം ഇന്‍റർനെറ്റ് കീഴടക്കി. അതോടെ ഭക്ഷണത്തില്‍ ഉപ്പിടുന്നത് ഒരു കലാപ്രകടനമായി മാറി!അധികം വൈകാതെ, അദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണം 50 ദശലക്ഷം കടന്നു.എന്നാൽ, ആ വൈറൽ തരംഗം പെട്ടെന്ന് കെട്ടടങ്ങി. സാള്‍ട്ട് ബേയ്ക്ക് പിന്നീടങ്ങോട്ട് നല്ല കാലമായിരുന്നില്ല. അദ്ദേഹത്തിന്‍റെ റസ്റ്റോറന്‍റുകൾ ഓരോന്നായി അടച്ചുപൂട്ടി, കേസുകളും നിയമപ്രശ്നങ്ങളും അദ്ദേഹത്തിന്‍റെ പേരിന് വലിയ കളങ്കമുണ്ടാക്കി.
തുർക്കിയിലെ ഒരു സാധാരണ കുടുംബത്തിലാണ് നുസ്രെത് ജനിച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പതിമൂന്നാം വയസ്സിൽ സ്കൂൾ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് ഒരു ഇറച്ചി വെട്ടുകാരന്‍റെ സഹായിയായി ജോലിക്ക് ചേർന്നു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത്, 2010 ൽ ഇസ്തംബൂളിൽ സ്വന്തമായി ഒരു ചെറിയ സ്റ്റീക്ക് ഹൗസ് തുറന്നു.
അത് വിജയമായതോടെ, ഇസ്താംബൂളിൽ തുടങ്ങിയ നുസ് എറ്റ് റെസ്റ്റോറന്‍റുകൾ ദുബായ്, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ വൻ നഗരങ്ങളിലെല്ലാം ശാഖകൾ തുറന്നു. ലിയോനാർഡോ ഡികാപ്രിയോ, ഡേവിഡ് ബെക്കാം, റിഹാന തുടങ്ങി നിരവധി സെലിബ്രിറ്റികൾ അദ്ദേഹത്തിന്‍റെ അതിഥികളായി എത്തി.അതെ ,ഇറച്ചി വെട്ടുകാരനിൽ നിന്നും ലോക പ്രശസ്ത ഷെഫിലേക്ക് മാറിയ സാള്‍ട്ട് ബേ
2022 ലെ ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷമാണ് സാള്‍ട്ട് ബേയുടെ പതനം തുടങ്ങുന്നത് എന്ന് പറയാം.ലോകകപ്പ് വേദിയിലേക്ക് ഇടിച്ചുകയറിയ ഒരു ഷെഫ് ആയിരുന്നു സാൾട് ബേ . അർജന്‍റീന വിജയിച്ചപ്പോൾ, സാൾട്ട് ബേ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മൈതാനത്തേക്ക് കയറിച്ചെന്നു. കളിക്കാരെ പിടിച്ചും, സെൽഫികൾക്ക് നിർബന്ധിച്ചും, ലോകകപ്പ് ട്രോഫി പിടിച്ചുവലിച്ചുമെല്ലാം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ..
ലയണൽ മെസ്സിയുടെ മുഖത്തെ അസൗകര്യം ഇന്‍റർനെറ്റ് ഏറ്റെടുത്തതോടെ, ആളുകള്‍ സാൾട്ട് ബേക്കെതിരായി. ഫിഫ ഈ വിഷയത്തിൽ അന്വേഷണം നടത്തുകയും സാൾട്ട് ബേയെ യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് ഒരു “തെറ്റ് പറ്റിപ്പോയതാണെന്ന്” അദ്ദേഹം സമ്മതിച്ചു.
ലോകകപ്പ് സംഭവം ഒരു വഴിത്തിരിവായിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ കച്ചവടത്തിലെ പ്രശ്നങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ന്യൂയോർക്കിലെ മാധ്യമങ്ങൾ അദ്ദേഹത്തിന്‍റെ റെസ്റ്റോറന്‍റിലെ ഭക്ഷണത്തെ വിമർശിച്ചു.ബില്ല് കണ്ടാല്‍ ബോധം പോകും!
2021 ൽ ലണ്ടനിലെ റെസ്റ്റോറന്‍റ് വലിയ ചർച്ചയായി. ഒരു ടൊമാഹോക്ക് സ്റ്റീക്കിന് ഏകദേശം ₹63,000, 24 കാരറ്റ് സ്വർണ്ണം പൊതിഞ്ഞ സ്റ്റീക്കിന് ഏകദേശം ₹1.45 ലക്ഷം എന്നിങ്ങനെയായിരുന്നു ഇവിടുത്തെ വില. ഒരൊറ്റ ടേബിളിന് ഏകദേശം ₹38 ലക്ഷം ബില്ല് വന്നതിന്‍റെ രസീത് ഒരാള്‍ പങ്കുവെച്ചത് ഓണ്‍ലൈനില്‍ വൈറലായതോടെ വലിയ വിമർശനം നേരിട്ടു. വേറെയും ആളുകള്‍ ഇതേപോലെ ബില്ലുകള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയതോടെ ബിസിനസ് നഷ്ടത്തിലായതിനാല്‍ അമേരിക്കയിൽ അദ്ദേഹത്തിന്‍റെ റെസ്റ്റോറന്‍റുകൾ ഓരോന്നായി പൂട്ടിപ്പോയി. ഇതുകൂടാതെ, ജീവനക്കാരുടെ വേതനം തടഞ്ഞുവച്ചു, വിവേചനപരമായി പെരുമാറി തുടങ്ങിയ നിയമപ്രശ്നങ്ങളും അദ്ദേഹത്തിന് തലവേദനയായി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സാൾട്ട് ബേ തോൽവി സമ്മതിച്ചിട്ടില്ല. പുതിയ സംരംഭങ്ങളുമായി അദ്ദേഹം ഇപ്പോഴും രംഗത്തുണ്ട്. ദുബായിൽ ഈയിടെ ‘സാൾട്ട് ബേ ബർഗേഴ്സ്’ തുറന്നു. ഇനി, എയർപോർട്ടുകളിൽ ഔട്ട്ലെറ്റുകൾ തുടങ്ങാനും മെക്സിക്കോ സിറ്റിയിൽ പുതിയ സ്റ്റീക്ക് ഹൗസ് തുറക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.. ഈ ഒരു പദ്ധതികൾ എല്ലാം സാൾട്ട് ബേയുടെ തിരിച്ചു വരവിന്റെ ഭാഗമായിട്ട് കാണകാക്കാം.
The return of salt bay