Kerala NewsLatest NewsNewsPoliticsSabarimala

ഉണ്ണികൃഷ്ണന്‍ പോറ്റി ആളുകളെ വിഡ്ഢികളാക്കി;: മന്ത്രി വി എന്‍ വാസവന്‍

നാലരവര്‍ഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചുവെച്ചു.

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആളുകളെ വിഡ്ഢികളാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായി. നാലരവര്‍ഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചുവെച്ചു. വിഷയത്തില്‍ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഷയം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ കൃത്യമായ ഇടപെടലാണ് കോടതി നടത്തുന്നത്. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ശബരിമയില്‍ വലിയ രീതിയില്‍ അഴിമതി നടക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. അവരുടെ ഭരണകാലത്തെ ഓര്‍മകള്‍വെച്ചാകും പ്രതിപക്ഷം ആ രീതിയില്‍ പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ആ രീതിയിലുള്ള ആക്ഷേപങ്ങള്‍ ഇല്ല. സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിലവിൽ നടക്കുന്നത്. ശബരിമലയിലെ തീര്‍ത്ഥാടന കാലഘട്ടം മികച്ച രീതിയിലാണ് കടന്നുപോയത്. അതൊരു ടീം സ്പിരിറ്റിന്റെ ഭാഗമാണ്. പഴയകാലത്തെ അനുഭവം വെച്ച് പറയുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്നായിരുന്നു പീഠം കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കോട്ടയം സ്വദേശിയായ വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലായിരുന്നു പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതല്‍ പീഠം വസുദേവന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചിരുന്നത്. കോടതി വിഷയത്തില്‍ ഇടപെട്ടതോടെ വാസുദേവന്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പീഠം സഹോദരിയുടെ വീട്ടിലേയ്ക്ക് മാറ്റിയത്.

ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം നിര്‍മിച്ച് നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇവ കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തേ ആരോപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും പീഠം കണ്ടെത്താന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിന് പിന്നാലെ പീഠങ്ങള്‍ കണ്ടെത്തുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചു. ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമില്‍ അടക്കം വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തി വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും ബെംഗളൂരുവിലെയും വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പീഠം കൈവശമില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. വിജിലന്‍സിന്റെ വിശദമായ അന്വേഷണത്തിലാണ് പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.

Unnikrishnan Potti fooled people: Minister V N Vasavan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button