കരൂര്‍ അപകടം; ടിവികെയിൽ ഭിന്നത രൂക്ഷമാകുന്നു

കരൂര്‍ അപകടത്തെ തുടര്‍ന്ന് സിബിഐ അന്വേഷണം വേണമെന്ന വിഷയത്തില്‍ തമിഴക വെട്രി കഴകിൽ (ടിവികെ) ഭിന്നത. ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍, നേതാവ് എന്‍. ആനന്ദ് അത് വേണ്ടെന്ന നിലപാടിലാണ്. ബിജെപി, ടിവികെയെ രാഷ്ട്രീയമായി കുടുക്കാന്‍ ശ്രമിക്കുമെന്നാണ് ആനന്ദിന്റെ വിലയിരുത്തല്‍.
അതേസമയം, അപകടത്തില്‍ വിജയ്ക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്. എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടിയെടുക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഡിഎംകെ നേതാക്കള്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, അത് തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്കയാണ് സ്റ്റാലിന് പങ്കുവെച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വിജയ്ക്കെതിരെ കടുത്ത നടപടികളെടുത്താല്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച് നാളെ പരിഗണിക്കും. സംഭവത്തിന് പിന്നില്‍ ഡിഎംകെയുടെ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ ആരോപണം. ഇതിനിടെ, ആദവ് അര്‍ജുന ഡല്‍ഹിയിലേക്കുള്ള യാത്രയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
വിജയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തി. പരിപാടി സംഘടിപ്പിക്കുന്നതിനിടെ ഗുരുതരമായ പിഴവുകള്‍ നടന്നുവെന്നാണ് വിമര്‍ശനം. ഇതിനിടെ, ടിവികെ നേതാക്കളായ എന്‍. ആനന്ദും നിര്‍മല്‍ കുമാറും ഒളിവിലാണ്.
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി, ടിവികെയുടെ ഗൂഢാലോചനാരോപണം തള്ളിക്കളഞ്ഞു. വിജയ് സമയത്തിന് എത്തിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും റാലിയില്‍ നിയന്ത്രണങ്ങള്‍ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Tag: Karur accident; Dissension in TVK deepens