മാഞ്ചസ്റ്ററിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു, 3 പേർക്ക് ഗുരുതരപരിക്ക്
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് മുന്നിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും, മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂർ ദിനത്തിലാണ് സംഭവം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം, കാർ ഓടിച്ച് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു അക്രമി. തുടർന്ന്, സിനഗോഗിന് പുറത്തുനിന്നിരുന്ന മൂന്നു പേരെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ചു കൊന്നതായി സ്ഥിരീകരിച്ചു. ഇയാളുടെ തിരിച്ചറിവ് പുറത്തുവിട്ടിട്ടില്ല. ആക്രമണസമയത്ത് പ്രതി ശരീരത്തിൽ ബോംബ് കെട്ടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആക്രമണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവം ബ്രിട്ടീഷ് സമയം രാത്രി 9.30ഓടെയായിരുന്നു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ ഡെൻമാർക്ക് യാത്ര മാറ്റിവെച്ചു.
“യോം കിപ്പൂരെന്ന ഏറ്റവും പുണ്യദിനത്തിൽ ഇത്തരം ആക്രമണം നടന്നത് വിശേഷിച്ച് ഭയാനകമാണ്,” എന്ന് സ്റ്റാർമർ പ്രതികരിച്ചു. രാജ്യത്തെ സിനഗോഗുകളിൽ സുരക്ഷ ശക്തമാക്കുമെന്നും അധിക പൊലീസ് വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tag: Terrorist attack in Manchester; 2 killed, 3 seriously injured