keralaKerala NewsLatest News

ശബരിമല സ്വർണവാതിൽ വിവാ​ദം; ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ പങ്കെടുത്ത് നടൻ ജയറാമും ശിവമണിയും

ശബരിമലയിലേക്ക് സ്വർണവാതിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും വിവാദത്തിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പന്നനായ വ്യവസായിയും അയ്യപ്പഭക്തനും ആണ് ഇതിന് പണം ചെലവഴിച്ചത്. വാതിൽ 2019 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ആന്ധ്രാപ്രദേശിൽ നിർമിച്ചു, പിന്നീട് ചെന്നൈയിൽ എത്തിച്ച് സ്വർണം പൂശി. അവിടെ പൂജാ ചടങ്ങുകൾ നടത്തി, നടൻ ജയറാമും ഗായകൻ വീരമണിയും ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ജയറാം വീഡിയോയിൽ പറഞ്ഞത് അനുസരിച്ച്, ശബരിമലയിലെ നടവാതിൽ സ്വർണപാളി പൊതിഞ്ഞ് സ്ഥാപിക്കുന്നതിന് മുൻപ് പൂജ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, “കോടാനുകോടി ഭക്തജനങ്ങൾ തൊടുന്ന കവാടം ആദ്യം തൊടാൻ സാധിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത ദിവസം” ആണെന്നും, ഉടൻ വാതിൽ ശബരിമലയിൽ സ്ഥാപിക്കുമെന്നും വ്യക്തമാക്കി.

ഇതേ വാതിൽ മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി തന്റെ ജോലി സ്ഥലമായ ബെംഗളൂരുവിലെ ശ്രീറാംപുരം അയ്യപ്പക്ഷേത്രത്തിലും കൊണ്ടുവന്നിരുന്നു. ക്ഷേത്ര ഭാരവാഹി വിശ്വംഭരന്റെ വാക്കുകൾ പ്രകാരം, ശബരിമലയിലെ പ്രധാന വാതിൽ ആണെന്ന് പറഞ്ഞാണ് വാതിൽ കൊണ്ടുവന്നത്. ഭക്തജനങ്ങൾക്ക് കാണിച്ചുകൊണ്ട് പൂജ നടത്തി, തുടർന്ന് “ശബരിമലയിലേക്ക് കൊണ്ടുപോകുന്നു” എന്ന് പറഞ്ഞ് മാറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ആന്ധ്രാപ്രദേശിൽ നിന്നൊരു വ്യക്തി എത്തിയപ്പോൾ “വാതിൽ തന്റെ ജ്യേഷ്ഠൻ നിർമ്മിച്ചതാണ്, അത് എവിടെയാണെന്ന് അറിയണം” എന്ന് ചോദിച്ചതായും വിശ്വംഭരൻ പറഞ്ഞു.

ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയ ഇടപാടുകളാണ് പരിശോധിക്കുന്നത്. മൂന്ന് വർഷത്തിനിടെ മുപ്പത് കോടിയിലധികം രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ഇടപാടുകൾ കൂടുതലും ബെംഗളൂരും തിരുവനന്തപുരം പ്രദേശങ്ങളിലുമാണ്. മണ്ണന്തല സ്റ്റേഷനിലും നെയ്യാറ്റിൻകര കോടതിയിലും ഇതിനോട് ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം വിജിലൻസും ചോദ്യം ചെയ്യലിനൊരുങ്ങുകയാണ്. നാളെ തിരുവനന്തപുരം ദേവസ്വം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിർദ്ദേശമുണ്ട്.

മാധ്യമങ്ങളോട് പ്രതികരിച്ച ഉണ്ണികൃഷ്ണൻ പോറ്റി, “താൻ തെറ്റ് ചെയ്തിട്ടില്ല, മാധ്യമങ്ങൾ അനാവശ്യമായി ക്രൂശിക്കുകയാണ്. നിരപരാധിത്വം തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും, പറയാനുള്ളത് കോടതിയിൽ മാത്രമേ പറയൂ” എന്നും വ്യക്തമാക്കി. വിവാദങ്ങൾക്കിടെ അദ്ദേഹം ബെംഗളൂരുവിലായിരുന്നുവെങ്കിലും ഇന്നലെ തിരുവനന്തപുരത്തെ കാരേറ്റിലെ കുടുംബവീട്ടിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിക്കുകയായിരുന്നു.

Tag: Sabarimala Golden Gate controversy; Actor Jayaram and Sivamani attend the puja conducted by Unnikrishnan Potty

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button