കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി മദ്രാസ് ഹെെക്കോടതി
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ദേശീയ മക്കള്‍ ശക്തി കക്ഷിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ദുരന്തം നേരിട്ട് ഡിഎംഎസ്കെയെ ബാധിച്ചിട്ടില്ലല്ലോയെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും, ഇത്തരത്തില്‍ സിബിഐക്ക് കേസ് കൈമാറാന്‍ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നടന്ന ദുരന്തത്തില്‍ 41 പേര് ജീവന് നഷ്ടപ്പെട്ടിരുന്നു. വിജയിന്റെ പരിപാടി നിശ്ചയിച്ചതിനേക്കാള്‍ ആറ് മണിക്കൂര്‍ വൈകിയാണ് വൈകിട്ട് ഏഴുമണിയോടെ ആരംഭിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ ഏറെ നേരം കാത്തിരുന്ന ജനക്കൂട്ടത്തില്‍ അല്പസമയം കഴിഞ്ഞ് തന്നെ നിരവധി പേര് തളര്‍ന്നു വീണു. പൊലീസും ടിവികെ പ്രവര്‍ത്തകരും ചേര്‍ന്ന് അവരെ ആശുപത്രികളിലേക്ക് മാറ്റി. ആദ്യ ദിവസം 38 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, തുടര്‍ന്ന് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. മരിച്ചവരില്‍ പത്ത് കുട്ടികളും, പതിനാറ് സ്ത്രീകളും, പന്ത്രണ്ട് പുരുഷന്മാരുമുണ്ട്.
ദുരന്തത്തിനു പിന്നാലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ജനങ്ങളുടെ സ്നേഹം കൊണ്ടാണ് ഇത്തരമൊരു സംഭവം നടന്നതെന്നും, തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും വിജയ് പറഞ്ഞു. “അഞ്ച് ജില്ലകളിലെ പരിപാടികള്‍ പ്രശ്നമില്ലാതെ പൂര്‍ത്തിയായപ്പോള്‍ കരൂരില്‍ മാത്രം ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ട്? സത്യം പുറത്തുവരും. എന്റെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ട,” എന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിന് പിന്നാലെ സര്‍ക്കാര്‍ വക്താവ് അമുദ ഐഎഎസ് മാധ്യമങ്ങളെ കണ്ടു. വിജയ് കരൂരില്‍ 12 മണിക്ക് എത്തുമെന്ന പ്രചാരണം, ടിവികെ പ്രവര്‍ത്തകര്‍ കടകളുടെ മുകളില്‍ കയറിയ ദൃശ്യങ്ങള്‍, ആളുകള്‍ കുഴഞ്ഞുവീണപ്പോള്‍ പൊലീസ് സഹായിക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങി പല തെളിവുകളും സര്‍ക്കാര്‍ പുറത്തുവിട്ടു. വൈദ്യുതി വിച്ഛേദിച്ചെന്ന ആരോപണം തെറ്റാണെന്നും, ജനറേറ്ററിലെ തകരാറാണ് ചില ലൈറ്റുകള്‍ അണയാന്‍ കാരണമായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വിജയിനെതിരെ കേസ് എടുക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രാഷ്ട്രീയ യോഗങ്ങളിലെ ദുരന്തങ്ങളില്‍ പാര്‍ട്ടി നേതാക്കളെ നേരിട്ട് പ്രതിയാക്കുന്നത് തെറ്റായ മാതൃകയാണെന്ന അഭിപ്രായത്തിലാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിത നടപടി എന്ന ആരോപണം ഉയര്‍ത്താന്‍ ഇട നല്‍കരുതെന്നുമാണ് സര്‍ക്കാരിന്റെ തീരുമാനം. വിജയ് ഉന്നയിച്ച ഗൂഢാലോചനാ വാദം അവഗണിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
Tag: Madras High Court rejects plea seeking CBI probe into Karur tragedy