CovidKerala NewsLatest NewsLocal NewsNews

കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയണം.

നാട്ടിൽ പോയിരുന്ന അതിഥി തൊഴിലാളികൾ മടങ്ങിയെത്തുന്നത് ആരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സർക്കാർ പുറപ്പെടുവിച്ചു. കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയണം. പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും, കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതായും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് അറിയിച്ചിട്ടുള്ളത്. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിഥി താഴിലാളികള്‍ക്കുള്ള സാമൂഹികവും മാനസികവുമായ പിന്തുണ യഥാക്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെയും നല്‍കുവാനും ആവശ്യമായ ആരോഗ്യ ബോധവത്കരണം അവരുടെ ഭാഷയില്‍ നല്‍കുവാനുമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

അതിഥി തൊഴിലാളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്.

1 അതിഥി തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെയും, തൊഴില്‍, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കേണ്ടതാണ്.

2 കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. അറ്റാച്ഡ് ബാത്‌റൂം സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒരു മുറിയില്‍ ഒരാളെ മാത്രമേ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കാവൂ.

3 സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തിയാലുടന്‍ ദിശ നമ്പരായ 1056, 0471 2552056ല്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരോട് വിവരം അറിയിക്കേണ്ടതും 14 ദിവസം മേല്‍പറഞ്ഞ സൗകര്യമുള്ള ഒരു മുറിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്.

4 ഇവരെ എത്തിക്കുന്ന തൊഴിലുടമകളോ, ഏജന്റോ ഇവര്‍ക്കുള്ള ഭക്ഷണവും, നിരീക്ഷത്തില്‍ കഴിയാനുള്ള താമസ സൗകര്യവും ഏര്‍പ്പെടുത്തേണ്ടതും ഈ വിവരം അതത് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലോ, ജില്ലാ മെഡിക്കല്‍ ഓഫീസിലോ അറിയിക്കേണ്ടതുമാണ്.

5 നിരീക്ഷണത്തില്‍ കഴിയുന്ന കാലയളവില്‍ ഇവര്‍ മാസ്‌ക് ഉപയോഗിക്കേണ്ടതും, സമ്പര്‍ക്കം ഒഴിവാക്കേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതുമാണ്. മൊബൈല്‍, പത്രം തുടങ്ങിയവ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പരിചരിക്കുന്നവരുണ്ടെങ്കില്‍ അവരും ഈ കാര്യങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

6 അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തുന്ന ദിവസം കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതാണ്. ഇതില്‍ പോസിറ്റീവ് ആകുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതാണ്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ 14 ദിവസം കര്‍ശനമായും ഒരു മുറിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതും ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതുമായ അതിഥി തൊഴിലാളിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ ലഭ്യമാക്കേണ്ടതുമാണ്. പരിശോധനകള്‍ക്കുള്ള ചെലവ് തൊഴിലുടമകളോ, ഏജന്റോ, നേരിട്ടെത്തിയതാണെങ്കില്‍ അതിഥി തൊഴിലാളികളോ വഹിക്കേണ്ടതാണ്.

7 നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്ക് പോകാമെങ്കിലും എന്തെങ്കിലും രോഗ ലക്ഷണം പ്രകടമായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്‍പ് ലൈനുമായോ ബന്ധപ്പെടുകയും അവരുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ ലഭ്യമാക്കാവുന്നതുമാണ്.

8 ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും പാലിക്കേണ്ടതുമാണ്. തൊഴിലുടമകളും ഏജന്റും ഇക്കാര്യങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.

9 ഇവര്‍ക്ക് മതിയായ താമസ സൗകര്യവും പരിസര ശുചിത്വവും ഉറപ്പാക്കേണ്ടതും ഉപയോഗിക്കുന്ന വസ്തുക്കള്‍ പരസ്പരം കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.

10 അതിഥി തൊഴിലാളികളെ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും എപ്പോഴും സ്പര്‍ശിക്കുന്ന പ്രതലങ്ങളും ഉപകരണങ്ങളും എല്ലാ ദിവസവും ഇടയ്ക്കിടെ അണു വിമുക്തമാക്കേണ്ടതുമാണ്.

11 അതിഥി തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button