നാലാം ക്ലാസുകാരിയുടെ കെെ മുറിച്ചു മാറ്റി; ചികിത്സപിഴവെന്ന് ആരോപണം

കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കെെ പഴുപ്പുവ്യാപിച്ചതോടെ മുട്ടിനു താഴെ മുറിച്ചുമാറ്റിയതിൽ ചികിത്സ പിഴവുണ്ടായെന്ന് കുടുംബം. പാലക്കാട് പല്ലശനഒഴിവു പാറ സ്വദേശികളായ വിനോദ്- പ്രസീത ദമ്പതികളുടെ മകൾ വിനോദിനിയുടെ (9) കയ്യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ ജാഗ്രതക്കുറവു മൂലം പഴുപ്പു കയറി ദുർഗന്ധമുണ്ടായതോടെ കെെമുറിച്ചു മാറ്റേണ്ട അവസ്ഥയിലെത്തിയപ്പോൾ ഇവിടെ പറ്റില്ലെന്ന് പറഞ്ഞു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നുവെന്ന് കൂലിപ്പണിക്കാരായ രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 24ന് മീനാക്ഷിപുരത്ത് അച്ഛന്റെ വീട്ടിൽ കളിക്കുന്നതിനിടെയാണ് ഒഴിവുപാറ എഎൽപി സ്കൂൾ വിദ്യാർത്ഥിനിക്ക് വീണു പരിക്കേൽക്കുന്നത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ എത്തിച്ച് എക്സ്റേ എടുത്ത് പ്ലാസ്റ്ററിട്ടു. വേദന മൂലം രാത്രി മുഴുവൻ കുട്ടി കരഞ്ഞതോടെ പിറ്റേന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. എല്ലുപൊട്ടിയതല്ലേ വേദനയുണ്ടാകും എന്നാരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞു വന്നാൽ മതിയെന്നും പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ കെെയ്യിലേക്ക് രക്തയോട്ടം കുറഞ്ഞിരുന്നു . മാത്രമല്ല, കയ്യിൽ നിന്ന് ദുർഗന്ധവും പഴുപ്പും വരാൻ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്.
Tag: Fourth grader’s nose amputated; allegations of medical malpractice