ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തുമെന്ന് റഷ്യൻ പ്രസിഡന്റ്

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാരണത്താൽ ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും ഔഷധങ്ങളും വാങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോച്ചിയിൽ ഇന്ത്യയും ഉൾപ്പെട്ട ബഹുരാഷ്ട്ര സമ്മേളനത്തിലാണ് പുടിന്റെ ഈ പ്രഖ്യാപനം.
ഇന്ത്യൻ ജനത രാജ്യത്തിന് മേൽ ചുമത്തിയ തീരുവയെ ഒരിക്കലും അംഗീകരിക്കില്ലെന്നും, ദേശീയ താൽപ്പര്യങ്ങളെ ഹനിക്കുന്നതും അപമാനകരവുമായ ഒരു തീരുമാനത്തിനും ഇന്ത്യ പിന്തുണ നൽകില്ലെന്നും പുടിൻ പറഞ്ഞു. അത്തരമൊരു തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഈ നീക്കം ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം അമേരിക്ക ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് 100% വരെ തീരുവ ഏർപ്പെടുത്തിയിരുന്നു. യു.എസ്. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയായതിനാൽ, ഡോണൾഡ് ട്രംപിന്റെ ഈ നടപടി ഇന്ത്യയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. അതേസമയം, റഷ്യയുടെ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
Tag: Russian President says he will compensate for economic losses caused by US tariffs on India