ആഗോള അയ്യപ്പസംഗമത്തിനായി പണം ചെലവഴിച്ചത് ദേവസ്വം ഫണ്ടിൽ നിന്ന്; രേഖകൾ പുറത്ത്

ആഗോള അയ്യപ്പസംഗമത്തിനായി ദേവസ്വം ഫണ്ടിൽ നിന്ന് ചെലവഴിച്ച വിവരം പുറത്തുവന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് 3 കോടി രൂപ നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു. ദേവസ്വം കമ്മീഷണറുടെ സർപ്ലസ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. എന്നാൽ, ദേവസ്വത്തിന്റെയും സർക്കാരിന്റെയും പണം ഉപയോഗിക്കില്ലെന്നായിരുന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ കമ്പനിക്ക് മൊത്തത്തിൽ 8.2 കോടി രൂപ നൽകാനാണ് കരാർ. അതിൽ ആദ്യഘട്ടമായി 3 കോടി രൂപ, അയ്യപ്പസംഗമം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ദേവസ്വം കമ്മീഷണർ വിട്ടുനൽകി. കഴിഞ്ഞ മാസം 20-നാണ് സംഗമം നടന്നത്. ദേവസ്വം ബോർഡിന്റെ ഉത്തരവിൽ, 3 കോടി രൂപ അഡ്വാൻസായി അനുവദിച്ചുവെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.
ഭക്തർ സമർപ്പിക്കുന്ന കാണിക്കയും മറ്റു വരുമാനങ്ങളും ചേർന്നാണ് സർപ്ലസ് ഫണ്ട് രൂപപ്പെടുന്നത്. സാധാരണയായി, ഈ ഫണ്ട് വിനിയോഗിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. എന്നാൽ, ദേവസ്വം സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് ഹൈക്കോടതി അനുമതിയില്ലാതെ തന്നെ ആഗോള അയ്യപ്പസംഗമത്തിനായി ഫണ്ടിൽ നിന്ന് തുക മാറ്റിവെച്ചതാണ് വിവാദമായത്. സംഗമത്തിനാവശ്യമായ പണം സ്പോൺസർമാരിൽ നിന്ന് കണ്ടെത്തുമെന്നായിരുന്നു മുൻപ് സർക്കാർ-ദേവസ്വം ബോർഡ് നിലപാട്.
Tag: Money spent for global Ayyappa Sangam from Devaswom fund; lines exposed