ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഈ വർഷം തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. നവംബർ 6നും നവംബർ 11നും വോട്ടെടുപ്പ് നടക്കും, ഫലം നവംബർ 14ന് പ്രഖ്യാപിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.
സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ആകെ 7.43 കോടി വോട്ടർമാരാണ് ഉള്ളത് — ഇതിൽ 3.92 കോടി പുരുഷന്മാരും 3.5 കോടി സ്ത്രീകളും, കൂടാതെ 14 ലക്ഷം പുതിയ വോട്ടർമാരും ഉൾപ്പെടുന്നു.
മൊത്തം 90,712 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾക്ക് വിലക്കുണ്ടാകും എന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
വോട്ടെടുപ്പ് ദിനങ്ങളിൽ കനത്ത സുരക്ഷാ സംവിധാനമൊരുക്കുമെന്നും, കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാജവാർത്തകൾ തടയാൻ ജില്ലാതല പ്രത്യേക ടീമുകൾ പ്രവർത്തിക്കും.
22 വർഷത്തിന് ശേഷം ബിഹാറിൽ വോട്ടർ പട്ടിക പൂർണ്ണമായി ശുദ്ധീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത്തവണ ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ പതിക്കും, കൂടാതെ യോഗ്യരായ ഒരു വോട്ടറെയും പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർക്കാണ് വോട്ട് ചെയ്യാനുള്ള സൗകര്യം.
ഓഗസ്റ്റ് 1ന് കരട് വോട്ടർ പട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. “വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ മികച്ച മാതൃകയായി ബിഹാർ രാജ്യത്തിന് മുന്നിൽ നിൽക്കുന്നുവെന്ന്” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അഭിപ്രായപ്പെട്ടു.
2020-ൽ ബിഹാറിൽ മൂന്നു ഘട്ടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്, ഫലപ്രഖ്യാപനം നവംബർ 10ന് ആയിരുന്നു. ഈ വർഷം എൻഡിഎ അധികാരത്തുടർച്ച ഉറപ്പാക്കുമെന്നാണ് അവരുടേതായ അവകാശവാദം, അതേസമയം ആർജെഡി–കോൺഗ്രസ് സഖ്യം നിതീഷ് കുമാർ യുഗം അവസാനിക്കും എന്നാണ് പറയുന്നത്.
ഇപ്പോൾ എൻഡിഎയിൽ ബിജെപി, ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി എന്നിവ ഉൾപ്പെടുന്നു. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും അംഗങ്ങളാണ്. നിലവിൽ ബിജെപി 80, ജെഡിയു 45, ആർജെഡി 77, കോൺഗ്രസ് 19 സീറ്റുകളാണ് കൈവശം വയ്ക്കുന്നത്.
Tag: Bihar Assembly Election Dates Announced; Elections to be Held in Two Phases