ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ; സ്ഥാനാർഥി പട്ടിക പുറത്തിറക്കിആം ആദ്മി പാർട്ടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ആം ആദ്മി പാർട്ടി (AAP) സ്ഥാനാർഥി പട്ടിക പുറത്തിറക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിന് തൊട്ടുമുമ്പാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്.
ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതിയ, പട്നയിലെ ഫുൽവാരിയിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്സർ സീറ്റിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുക.
“ഞങ്ങളുടെ സഖ്യം ബിഹാറിലെ ജനങ്ങളുമായാണ്, മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ സഖ്യങ്ങളുമായോ ചേർന്നില്ല,” എന്ന് സംസ്ഥാന ആം ആദ്മി പാർട്ടി ഇൻചാർജ് അഭിനവ് റായ് വ്യക്തമാക്കി. ഡൽഹിയിലും പഞ്ചാബിലും നടപ്പാക്കിയ ഭരണ മാതൃക ബിഹാറിലും ആവർത്തിക്കാമെന്ന് സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായിരിക്കും നടക്കുക. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 6-നു, രണ്ടാമത്തെ ഘട്ടം നവംബർ 11-നു, വോട്ടെണ്ണൽ നവംബർ 14-നു നടക്കും.
ഒന്നാംഘട്ട നാമനിർദ്ദേശങ്ങൾ ഒക്ടോബർ 17 വരെ, രണ്ടാമത്തെ ഘട്ടം ഒക്ടോബർ 20 വരെ സമർപ്പിക്കാം.
7.43 കോടി വോട്ടർമാർ ഉള്ള ബിഹാറിൽ 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടാകുക. എല്ലാ ബൂത്തുകളിലും 100% വെബ്കാസ്റ്റിംഗ് നടപ്പാക്കും. കൂടാതെ, ബൂത്തുകൾക്ക് പുറത്തായി മൊബൈൽ ഫോണുകൾ നിക്ഷേപിക്കാനുള്ള പ്രത്യേക സൗകര്യവും ഈ തെരഞ്ഞെടുപ്പിൽ ഒരുക്കിയിരിക്കുന്നു.
Tag: Bihar Assembly Elections: Aam Aadmi Party releases list of candidates