ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019 ലെ മഹ്‌സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിൽ പറയുന്നു.
2024 ല്‍ നവീകരിക്കാനായി വീണ്ടും സ്വര്‍ണപ്പാളികൾ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണം സംഘം കണ്ടെത്തി. എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു.
1998-99 ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൊതിഞ്ഞതും പിന്നീട് തൂക്കം കുറഞ്ഞത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ അറിവുണ്ടെന്ന് വ്യക്തമാണെന്നും ഒന്നരക്കിലോഗ്രാമില്‍ കുറയാതെ തൂക്കത്തില്‍ സ്വര്‍ണം പൊതിഞ്ഞതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, മഹ്‌സറില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചെമ്പുപാളികള്‍ എന്ന് വിശദീകരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. എഡിജിപി എച്ച് വെങ്കിടേഷ് ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. അതിനിടെ ദേവസ്വം വിജിലന്‍സ് എസ് പി സന്നിധാനത്തെത്തി. മുദ്രവെച്ച ദ്വാരപാലക ശില്‍പ്പങ്ങള്‍ എസ്പി പരിശോധിക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ശില്‍പ്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വ്യക്തമാണെന്നും ഇത് മോഷണവും ക്രിമിനല്‍ ക്രമക്കേടും വിശ്വാസ വഞ്ചനയുമാണെന്നാണ് കോടതി നീരീക്ഷണം. അതിനിടെ 2019 ഡിസംബറില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും ബാക്കി വന്ന സ്വര്‍ണം തന്റെ പക്കല്‍ ഉണ്ടെന്നും അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് ഇ-മെയില്‍ അയച്ചത്. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ-മെയില്‍ സന്ദേശങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിരിക്കുന്നത്.
Tag: Devaswom Vigilance concludes that officials are involved in the disappearance of gold plating on Sabarimala Dwarapalaka sculptures