indiaLatest NewsNationalNews

അരവിന്ദ് കെജ്‌രിവാളിന് പുതിയ ഔദ്യോഗിക വസതി; കേന്ദ്ര സർക്കാർ 95 ലോധി എസ്റ്റേറ്റിലെ ടൈപ്പ്-VII ബംഗ്ലാവാണ് അനുവദിച്ചത്

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് പുതിയ ഔദ്യോഗിക വസതി അനുവദിച്ചു. കേന്ദ്ര സർക്കാർ 95 ലോധി എസ്റ്റേറ്റിലെ ടൈപ്പ്-VII ബംഗ്ലാവാണ് കെജ്‌രിവാളിന് താമസത്തിനായി അനുവദിച്ചത്. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ എന്ന നിലയിലാണ് ഈ ബംഗ്ലാവ് അനുവദിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.

ബംഗ്ലാവ് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ചിനെ ഈ തീരുമാനം സംബന്ധിച്ച് അറിയിച്ചത്. മുൻ മുഖ്യമന്ത്രിയായ നിലയിൽ തനിക്ക് അർഹമായ നിലവാരത്തിലുള്ള ഔദ്യോഗിക വസതി നൽകണമെന്ന് കെജ്‌രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാർ സെപ്റ്റംബർ 25ന് ഹൈക്കോടതിയെ അറിയിച്ചത് അനുസരിച്ച്, 10 ദിവസത്തിനുള്ളിൽ കെജ്‌രിവാളിന് അനുയോജ്യമായ താമസസ്ഥലം അനുവദിക്കാമെന്ന ഉറപ്പ് നൽകിയിരുന്നു. 2024 ഒക്ടോബറിൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചതിനെ തുടർന്ന് കെജ്‌രിവാൾ ഫ്ലാഗ്സ്റ്റാഫ് റോഡിലുള്ള ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.

രാജിയ്ക്ക് ശേഷം കെജ്‌രിവാൾ താത്കാലികമായി എഎപി രാജ്യസഭാ എംപി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലായിരുന്നു താമസം. ഫ്ലാഗ്സ്റ്റാഫ് റോഡിലുള്ള വസതിയുടെ നവീകരണത്തിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു.

2014 ജൂലൈയിലെ എസ്റ്റേറ്റ്സ് ഡയറക്ടറേറ്റിന്റെ നയപ്രകാരം ദേശീയ പാർട്ടികളുടെ പ്രസിഡന്റുമാർക്കും കൺവീനർമാർക്കും സർക്കാർ വസതി ലഭ്യമാകുമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഏത് തരത്തിലുള്ള ബംഗ്ലാവാണെന്നത് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ടൈപ്പ്-VII ബംഗ്ലാവുകൾ ദേശീയ പാർട്ടി പ്രസിഡന്റുമാർക്ക് അനുവദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

Tag: Arvind Kejriwal gets new official residence; Central government has allotted a Type-VII bungalow at 95 Lodhi Estate

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button