മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച് ഒരു കുഞ്ഞ് കൂടി മരിച്ചു; മരണസംഖ്യ 15 ആയി
മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച ഒരു കുഞ്ഞ് കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയർന്നു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് കഫ് സിറപ്പുകൾക്കും — റീലൈഫ്, റെസ്പിഫ്രഷ് — നിരോധനം ഏർപ്പെടുത്തി. ഗുജറാത്തിൽ നിർമ്മിച്ച ഈ മരുന്നുകളിൽ അത്യധികമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനായി പൊതുതാൽപര്യ ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറണം, എല്ലാ കഫ് സിറപ്പുകൾക്കും നിർബന്ധിത നിലവാര പരിശോധന വേണം, വിദഗ്ധ സമിതിയിലൂടെ അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
കേസിൽ ആദ്യ അറസ്റ്റ് മധ്യപ്രദേശിൽ നടന്നിരുന്നു. കോൾഡ്രിഫ് കഫ് സിറപ്പ് പ്രിസ്ക്രൈബ് ചെയ്ത ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് സിറപ്പ് നിർദേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും തകരാറിലായതായാണ് പ്രാഥമിക വിലയിരുത്തൽ.
മധ്യപ്രദേശിനൊപ്പം രാജസ്ഥാനും തമിഴ്നാടും കഫ് സിറപ്പ് നിരോധിച്ചു. തമിഴ്നാട്ടിൽ നിർമ്മിച്ച എസ്.ആർ.13 ബാച്ച് മരുന്നിൽ 48 ശതമാനം വിഷാംശം കണ്ടെത്തിയതോടെ നടപടി ശക്തമായി. കേരളത്തിൽ ഈ ബാച്ച് വിൽപ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കൺട്രോൾ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ സംസ്ഥാന വ്യാപക പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ്.
രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള സിറപ്പ് നിർദേശിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് സർക്കാരുകൾക്ക് പുറമെ തെലങ്കാനയും കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന നിരോധിച്ചു. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മരുന്ന് ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.
കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സമിതി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തുകയാണ്. കഫ് സിറപ്പുകളും സമാനമായ മറ്റു മരുന്നുകളും ദേശീയതലത്തിൽ പരിശോധിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
Tag: Another child dies after drinking Coldrif cough syrup in Madhya Pradesh; death toll rises to 15