തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ അഭിപ്രായം നേരിട്ട് മനസിലാക്കാൻ “നവകേരള ക്ഷേമ സർവേ” യ്ക്ക് സർക്കാർ

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ അഭിപ്രായം നേരിട്ട് മനസിലാക്കാൻ “നവകേരള ക്ഷേമ സർവേ” ആരംഭിക്കാൻ പിണറായി സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ 80 ലക്ഷത്തിലധികം വീടുകളെ നേരിട്ട് ഉൾപ്പെടുത്തി നടത്തുന്ന വിപുലമായ ഈ സർവേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടായി നിയന്ത്രിക്കും. രണ്ടാം തുടർഭരണം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ജനസമ്പർക്ക നീക്കങ്ങളുടെ ഭാഗമായാണ് പദ്ധതി.
സമീപകാലത്ത് ആരംഭിച്ച “CM With Me” പോലുള്ള പദ്ധതികളിലൂടെ സർക്കാർ നേരിട്ടുള്ള പൗരസമ്പർക്ക സംവിധാനം ശക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് വീടുവീടാന്തരം സർവേയ്ക്ക് പദ്ധതിയിടുന്നത്.
സർവേയുടെ പ്രധാന ലക്ഷ്യം സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തുകയും ജനങ്ങൾ അടുത്ത ഘട്ടത്തിൽ ഏത് പദ്ധതികളെയാണ് മുൻഗണന നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കുകയുമാണ്. സാക്ഷരതാ സർവേയുടെ മാതൃകയിൽ, കോളേജ് വിദ്യാർത്ഥികളെ വിനിയോഗിച്ച് വീടുകളിൽ നേരിട്ട് വിവരശേഖരണം നടത്താനാണ് തീരുമാനം. ഇതിന് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രഹാം അടങ്ങുന്ന ഉദ്യോഗസ്ഥസംഘം വിശദമായ മോഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
പരിശീലനപ്രക്രിയ പൂർത്തിയാക്കിയതിനുശേഷം പദ്ധതി നടപ്പാക്കും. സർവേയുടെ ചെലവ് ഏത് വകുപ്പിന്റെ ഭാഗത്തുനിന്നായിരിക്കും വരുക എന്നത് ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ഇത് ഒരു സർക്കാർ പദ്ധതി എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്ക് നേരിട്ട് എത്തി ജനഹിതവും ജനാഭിപ്രായവും മനസിലാക്കാൻ സർക്കാർ വിവിധ പദ്ധതികളുമായി രംഗത്തുണ്ട്. ഈ ക്ഷേമ സർവേയുടെ ഫലങ്ങൾ സർക്കാരിന്റെ പ്രകടനപ്പത്രികയിലും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഫലിക്കുമെന്ന് സൂചനകളുണ്ട്.
Tag: government has launched a “Nava Kerala Welfare Survey” to directly understand the opinions of the people ahead of the elections