ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു

ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. തീരുമാനം ബോർഡ് യോഗത്തിലാണ് എടുത്തത്. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്നതാണ് മുരാരി ബാബു.
2019-ൽ സ്വർണപ്പാളികൾ ചെമ്പാണെന്ന റിപ്പോർട്ട് നൽകിയതും മുരാരി ബാബുവായിരുന്നു. തന്ത്രിയുടെ പരിശോധനയിൽ സ്വർണം ചെമ്പായെന്ന് കണ്ടെത്തിയതിനാലാണ് റിപ്പോർട്ട് നൽകിയതെന്നും, വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു നേരത്തെ പ്രതികരിച്ചിരുന്നു.
തന്റെ റിപ്പോർട്ട് തിരുവാഭരണ കമ്മീഷണർ പരിശോധിച്ചശേഷമാണ് തുടർനടപടികൾ നടന്നതെന്നും, 2019 ജൂലൈയിൽ പാളികൾ നീക്കം ചെയ്ത സമയത്ത് തനിക്ക് ചുമതലയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, 2019 ലെ മഹ്സറിൽ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയതിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തിരുവാഭരണ കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പങ്കുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. അതിനുള്ള നിർദേശം മുരാരി ബാബുവാണ് നൽകിയതെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2024-ൽ സ്വർണപ്പാളി നവീകരണത്തിനായി പാളികൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകണമെന്ന് മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ദേവസ്വം ബോർഡ് അന്ന് ആ നിർദേശം തള്ളുകയായിരുന്നു.
Tag: Sabarimala temple gold plate controversy; Former administrative officer Murari Babu suspended