keralaKerala NewsLatest NewsUncategorized

ശബരിമല സ്വർണപ്പാളി വിവാദം; തുടർനടപടികൾ സ്വീകരിക്കും, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായേക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്

ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് എസ്‌പി കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. അന്വേഷണത്തിൽ വിശദമായ പരിശോധന നടക്കുമെന്നും, മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുൻപ് വിവാദങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ ആഴ്ചയ്ക്കുള്ളിൽ വിജിലൻസ് എസ്‌പി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ പകർപ്പ് ലഭിച്ചശേഷം ദേവസ്വം ബോർഡ് യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്ത്രിയുടെ അനുമതി തേടുന്നത് പതിവ് നടപടിക്രമമാണെന്നും, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ കൂടുതൽ അഭിപ്രായപ്പെടുന്നത് യുക്തിയല്ലെന്നും പ്രശാന്ത് പറഞ്ഞു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെതിരെ എടുത്ത സസ്പെൻഷൻ പ്രാഥമിക നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല മകരവിളക്ക് മഹോത്സവം അടുത്തിരിക്കെ ആവശ്യമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും, ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക എന്നതാണ് ദേവസ്വം ബോർഡിന്റെ പ്രധാന ഉത്തരവാദിത്വമെന്നും പ്രശാന്ത് വ്യക്തമാക്കി. ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമല്ലെന്നും, പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tag: Sabarimala gold plate controversy; Further action will be taken, action may also be taken against retired officials, says Devaswom Board President P. S. Prashanth

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button