സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

നാളെ മുതൽ ഉച്ചയ്ക്കുശേഷം മലയോര ഇടനാട് മേഖലയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും, 9ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും, 10ന് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും, 11ന് പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. നാളെ മുതൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചേക്കും. കാലവർഷക്കാറ്റ് ദുർബലമായ സാഹചര്യത്തിൽ, പശ്ചിമഘട്ട മേഖലകളിൽ അന്തരീക്ഷ അസ്ഥിരത വർധിച്ചതാണ് ഇടിമിന്നൽമഴയ്ക്ക് കാരണമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.
അതേസമയം, ഒക്ടോബർ പകുതിക്ക് മുന്നോടിയായി തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണമായി പിന്മാറി, തുടർന്ന് കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കുമെന്നാണ് സൂചന. തെക്കുകിഴക്കൻ ഉപദ്വീപിൽ സാധാരണയായി ഒക്ടോബർ 14ഓടെയാണ് കിഴക്കൻ കാറ്റ് സജീവമാകുന്നത്. തീരദേശ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് മേഖലകളിൽ വടക്കുകിഴക്കൻ മൺസൂൺ സാധാരണയായി ഒക്ടോബർ 20ഓടെയാണ് തുടങ്ങുന്നത്. അതിന് പിന്നാലെ കേരളത്തിലും തുലാവർഷം തുടക്കം കുറിക്കും.
Tag: Rain likely in the state from tomorrow; Yellow alert announced in various districts