കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രണം നടത്തിയത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവ്

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു . ഡോക്ടർ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് ഉടൻ പിടികൂടി.
ആസൂത്രിതമായ രീതിയിലായിരുന്നു ആക്രമണം. വടിവാളുമായാണ് സനൂപ് ആശുപത്രിയിൽ എത്തിയത്. കുട്ടിയെ നേരിട്ട് ചികിത്സിച്ചിരുന്ന ഡോക്ടറെയല്ല, മറ്റൊരു ഡോക്ടറായ വിപിനെയാണ് ലക്ഷ്യമിട്ടത്. ഡോക്ടറുടെ തലക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവം നടന്നതുടർന്ന് സഹപ്രവർത്തകരും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിനു കൈമാറി. സംഭവത്തിൽ ഉപയോഗിച്ച ആയുധവും പൊലീസ് കസ്റ്റഡിയിലെടുത്തു.
പരുക്കേറ്റ ഡോക്ടറെ ആദ്യം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മരണത്തിൽ ആശുപത്രി ചികിത്സയിലെ പിഴവാണ് കാരണമെന്നും, അതിനാലാണ് ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഒൻപത് വയസ്സുകാരി അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ ലഭിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും അവിടെ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെയാണ് പ്രതികാരമായ ആക്രമണം നടന്നത്.
Tag: Doctor hacked to death at Kozhikode Thamarassery Taluk Hospital