keralaKerala NewsLatest NewsUncategorized

ശബരിമല സ്വർണപ്പാളി വിവാദത്തിനിടയിൽ ‘എട്ടു മുക്കാല്‍ അട്ടിവെച്ചപോലെ’; നിയമസഭയില്‍ അധിക്ഷേപ പരാമര്‍ശവുമായി മുഖ്യമന്ത്രി; വിമർശനം ശക്തമാകുന്നു

ശബരിമല സ്വർണപ്പാളി വിവാദത്തെക്കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വിവാദമായി. പ്രതിപക്ഷത്തെതിരെ നടത്തിയ മറുപടിപ്രസംഗത്തിനിടെ ശരീരവൈകല്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതോടെയാണ് പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം’, മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി, “രണ്ടുദിവസമായി സഭ സ്തംഭിപ്പിച്ചിട്ടും അവർ ആവശ്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്തിനാണ് ഭയം? ചോദ്യോത്തരവേളയിലോ അടിയന്തരപ്രമേയത്തിലോ വിഷയമുയർത്താനായിരുന്നില്ലേ? വസ്തുതകളെ ഭയന്നാണ് അവർ പുകമറ സൃഷ്ടിക്കുന്നത്. എന്നാൽ ഞങ്ങൾ വസ്തുതകൾ തുറന്നുപറയാൻ തയ്യാറാണ്.”

ശബരിമല വിഷയത്തിൽ ഹൈക്കോടതി നിർദേശപ്രകാരം എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതായും, “മുഖം നോക്കാതെ നടപടിയെടുക്കും; ആരെയും സംരക്ഷിക്കില്ല” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് ബോർഡുകൾ കാട്ടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്,” എന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ശക്തമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വീ.ഡി. സതീശൻ പ്രതികരിച്ചു. “നിയമസഭയിലെ അംഗത്തെ ‘ഉയരക്കുറവുള്ളയാൾ’, ‘ശരീരശേഷിയില്ലാത്തയാൾ’ എന്ന് പറയുന്നത് പൂർണമായും അപമാനകരമാണ്. ആരാണ് അളവുകോൽ മുഖ്യമന്ത്രിക്ക് കയ്യിൽ കൊടുത്തത്? എത്ര പൊക്കം വേണം ഒരാൾക്ക്? ഉയരത്തിനെയും ആരോഗ്യത്തിനെയും പരിഹസിക്കുന്നത് രാഷ്ട്രീയപരമായും നൈതികമായും തെറ്റാണ്. പുരോഗമന വാദികളാണെന്ന് പറയുന്നവർ 19-ാം നൂറ്റാണ്ടിലെ സ്പെയിനിലാണോ ജീവിക്കുന്നത്?” — സതീശൻ വിമർശിച്ചു.

നിയമസഭാ ചരിത്രത്തിൽ കാണാത്ത തരത്തിലുള്ള പ്രതിഷേധമാണിത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. എന്നാൽ, പ്രതിപക്ഷം പ്രസ്താവന പിൻവലിക്കണമെന്നും, ബോഡി ഷെയിമിംഗിന് മുഖ്യമന്ത്രി പൊതു മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സഭയിൽ ശക്തമായ പ്രതിഷേധം തുടർന്നു.

Tag: Chief Minister makes abusive remarks in the Assembly; Criticism intensifies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button