ശബരിമലയിലെ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്മാരുടെ വീട്ടിലെ റെയ്ഡെന്ന് സുരേഷ് ഗോപി

ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. രണ്ട് സിനിമാതാരങ്ങളെ ഇതിൽ വലിച്ചിഴക്കുന്നത് വിവാദം മുക്കാനായിരിക്കാമെന്ന സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ ഉയർന്നാൽ പൊലീസിനെ ഉപയോഗിച്ച് ജനപ്രീതിയുള്ളവരെ മലിനപ്പെടുത്തുന്ന പതിവാണ് ഇവർക്ക്,” എന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മലമ്പുഴയിലെ ‘കലുങ്ക്’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രജാവിവാദങ്ങളും സ്വർണ്ണ ചർച്ചയും മറച്ചുവെക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് സുരേഷ് ഗോപി ആരോപിച്ചു. “എല്ലാം കുൽസിതമായിരിക്കുന്നു. അയ്യപ്പൻ ആരുടേയും രാഷ്ട്രീയ സ്വത്തല്ല. ശബരിമലയിൽ നടന്നതിനു വലിയ ശിക്ഷ അനുഭവിക്കേണ്ടിവരും,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചെമ്പും സ്വർണ്ണവും ചേർന്ന ഈ ‘രസതന്ത്രം’ കേരളത്തിൽ വലിയ മാറ്റം ഉണ്ടാക്കാനിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. “അയ്യപ്പൻ മനുഷ്യനാണ്, ഞാൻ എന്റെ മൂത്ത സഹോദരനായി കാണുന്നു. എന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ഈശ്വരന്റെ ഓഡിറ്റ് ബുക്കിലായിട്ടാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.
Tag; Suresh Gopi says raid on actors’ houses is an attempt to cover up Sabarimala gold patch controversy