keralaKerala NewsLatest News

”ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശിൽപത്തിലെ പാളി” സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി. 2019ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശിൽപത്തിലെ പാളിയാണെന്ന് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലൻസിനോട് മൊഴി നൽകി. മുൻപ് സ്വർണം പൊതിഞ്ഞ പാളികളല്ല അത് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ സ്വർണപ്പാളി മാറ്റിയിരിക്കാമെന്ന സംശയത്തിലാണ് ദേവസ്വം വിജിലൻസ് എസ്.പി.

സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി ഇന്നലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയത്. 1998ൽ വ്യവസായി വിജയ് മല്യയുടെ സഹായത്തോടെ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപത്തിൽ ചെമ്പ് തെളിഞ്ഞതായി പറഞ്ഞ്, 2019ൽ പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതായിരുന്നു. എന്നാൽ അന്ന് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് പഴയ പാളികളല്ലെന്ന പങ്കജ് ഭണ്ഡാരിയുടെ മൊഴി നിർണായകമാണ്. ഇതോടെ വിജയ് മല്യ പൊതിഞ്ഞുനൽകിയ യഥാർത്ഥ സ്വർണപ്പാളി എവിടെയെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

അതേസമയം, ദേവസ്വം വിജിലൻസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ്. റിപ്പോർട്ടിന്റെ പകർപ്പ് ദേവസ്വം ബോർഡിനും സർക്കാരിനും നൽകും. ഹൈക്കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും.

ഇതിനിടെ, മണ്ഡലകാലത്തിന് മുൻപായി സ്വർണം പൂശാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം പിന്‍വലിച്ചു. ശ്രീകോവിലിന്റെ വാതിലും പടവുകളിലെ പാളികളും സ്വർണം പൂശാനായിരുന്നു തീരുമാനം, എന്നാൽ വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് പദ്ധതി റദ്ദാക്കി. വാതിലുകളും പടവുകളും ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം തന്ത്രി എതിർത്തതിനെ തുടർന്ന്, സന്നിധാനത്ത് തന്നെ അറ്റകുറ്റപ്പണി നടത്താനാണ് പിന്നീട് തീരുമാനിച്ചത്. ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഇതിനുള്ള അനുമതിയും നൽകിയിരുന്നു. എന്നാൽ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കും സമയക്കുറവും കാരണം അറ്റകുറ്റപ്പണി താൽക്കാലികമായി ഉപേക്ഷിച്ചതാണ് ഔദ്യോഗിക വിശദീകരണം.

Tag: Sabarimala gold plaque controversy; Unnikrishnan Potty brought a plaque from the timeless Dwarpalaka sculpture to Chennai, says Smart Creations CEO Pankaj Bhandari

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button