ട്യൂബിന്റെ രണ്ടറ്റവും ധമനികളിൽ ഒട്ടിച്ചേർന്ന നിലയിൽ; യുവതിയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കാനുള്ള ശസ്ത്രക്രിയ പരാജയം

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതായി കാട്ടാക്കട കിള്ളി സ്വദേശി എസ്. സുമയ്യയുടെ (26) കുടുംബം. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ വയർ നീക്കം ചെയ്യാൻ ഇന്ന് കീഹോൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ശ്രമിച്ചെങ്കിലും രണ്ട് തവണ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
വയറിന്റെ രണ്ടു അറ്റങ്ങളും പ്രധാന ധമനികളോട് ചേർന്ന് കിടക്കുന്നതിനാൽ, മേജർ ശസ്ത്രക്രിയയിലൂടെ മാത്രമേ പരിഹാരമായിരിക്കാനാവു എന്നതാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, അത്തരം ശസ്ത്രക്രിയക്ക് താൽപര്യമില്ലെന്ന നിലപാടിലാണ് കുടുംബം.
ഏകദേശം 70 സെന്റീമീറ്റർ നീളമുള്ള ഗൈഡ് വയർ രണ്ടര വർഷമായി സുമയ്യയുടെ നെഞ്ചിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. വയറിന് താഴെ നിന്നു കഴുത്തുവരെയായി നീളുന്ന ഒരു പ്രധാന ധമനിക്കുള്ളിലാണ് വയർ കുടുങ്ങിയിരിക്കുന്നത്.
2023 മാർച്ച് 22-ന് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമയ്യക്ക്, ശസ്ത്രക്രിയക്ക് ശേഷമുള്ള തീവ്രപരിചരണ സമയത്ത് കാൽസ്യം നൽകുന്നതിനായി ഗൈഡ് വയർ ഉപയോഗിച്ചിരുന്നതാണ്. പിന്നീട് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഈ വർഷം മാർച്ച് 2-ന് എടുത്ത നെഞ്ച് എക്‌സ്-റേയിലാണ് ഗൈഡ് വയർ ശരീരത്തിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്.
Tag; Surgery to remove guide wire in young woman’s chest fails as both ends of tube stuck in arteries