ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി പോലീസിൽ പരാതി നൽകി

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണക്കൊള്ള ആരോപണങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി പോലീസിൽ പരാതി നൽകി. സ്വർണപ്പാളിയിൽ നിന്നു സ്വർണം അപഹരിച്ചെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മീഷണർ പോലീസ് ആസ്ഥാനത്ത് പരാതി സമർപ്പിച്ചത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരം വിജിലൻസ് പരിശോധന നടത്തിയപ്പോൾ സ്വർണപ്പാളികളിൽ വ്യത്യാസങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്, സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (SIT) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ ഈ നീക്കം.
ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണപ്രക്രിയ അത്യന്തം രഹസ്യമായിരിക്കണമെന്നും, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് ചോർന്നുകൂടെന്നും, മുദ്രവെച്ച കവറിൽ റിപ്പോർട്ട് നേരിട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ ഈ നീക്കം സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല സ്വർണ തട്ടിപ്പിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണ് ബോർഡിന്റെ നിലപാട്. കോടതി ഉത്തരവ് ബോർഡിന്റെയും സർക്കാരിന്റെയും നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി സത്യം പുറത്തുകൊണ്ടുവരുമെന്ന് ബോർഡ് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
ശബരിമലയിലെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചവരും അതിന് കൂട്ടുനിന്നവരും കർശനമായി ശിക്ഷിക്കപ്പെടണമെന്നതാണ് ബോർഡിന്റെ നിലപാട്. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്ന വേളയിൽ, എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Tag: Gold theft from Sabarimala’s Dwarapalaka sculpture; Travancore Devaswom Board officially files police complaint