മൂക്കിന് പൊട്ടൽ; ഷാഫി പറമ്പിൽ എംപിയുടെ ശസ്ത്രക്രിയ നടത്തി, സുഖം പ്രാപിച്ചു വരുന്നതായി കോൺഗ്രസ് വൃത്തം
പേരാമ്പ്രയിൽ കോൺഗ്രസ്–പോലീസ് സംഘർഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി സുഖം പ്രാപിച്ചു വരുന്നതായി കോൺഗ്രസ് അറിയിച്ചു. മൂക്കിന് പൊട്ടലുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപക സമരം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ നടത്താനാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആഹ്വാനം ചെയ്തത്.
അതേസമയം, ലോക്സഭാ സ്പീക്കറിന് പരാതി നൽകാനും എംപിക്കെതിരായ അവകാശലംഘനത്തിന് നോട്ടീസ് നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എംപിക്ക് ആവശ്യമായ സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നതാണ് പാർട്ടിയുടെ ആരോപണം.
ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്–പോലീസ് സംഘർഷം ഉണ്ടായത്. പൊലീസിന്റെ ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും കാരണം ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പേരാമ്പ്രയിലെ സികെജി കോളേജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്ത് യുഡിഎസ്എഫ് നേടിയ വിജയാഘോഷം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇതിനിടെ യുഡിഎസ്എഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിക്കുകയും, അതിന്റെ ഭാഗമായി പ്രകടനം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
ഹർത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന് മർദ്ദനമേറ്റുവെന്ന ആരോപണവുമായി സിപിഐഎം പ്രകടനം പ്രഖ്യാപിച്ചതോടെ, ഇരു പക്ഷങ്ങളുടെയും മാർച്ചുകൾ നേർക്ക് നേർ വന്നപ്പോൾ സംഘർഷം രൂക്ഷമായി. പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതിനിടെ ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് പ്രവർത്തകർക്കും ഡിവൈഎസ്പിയുള്പ്പെടെ പൊലീസുകാർക്കും പരിക്കേറ്റു.
“ഈ മർദ്ദനത്തിനും ചോരയ്ക്കും പിന്നിൽ സ്വർണക്കടത്ത് കേസുകൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണെങ്കിൽ, അതാണ് സർക്കാരിന്റെ ഏറ്റവും വലിയ പരാജയം. ജനങ്ങൾക്കു മുന്നിൽ സത്യം വെളിപ്പെടുത്താതെ ഒരാളും രക്ഷപ്പെടില്ല. പൊലീസ് ഓർക്കട്ടെ — ശമ്പളം പാർട്ടി ഓഫീസിൽ നിന്ന് അല്ല, ജനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ന് ചെയ്ത പണിക്ക് മറുപടി ഞങ്ങൾ നൽകും.” ഷാഫി പറമ്പിൽ പറഞ്ഞു.
Tag: Shafi Parampil MP undergoes surgery for broken nose, recovers, says Congress source