“ഷാഫി പറമ്പിലിന്റെ രക്തം നിലത്തു വീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും” വി.ഡി. സതീശൻ

ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പൊലീസ് മർദനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണം നടത്തി. “ഷാഫി പറമ്പിലിന്റെ രക്തം നിലത്തു വീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും, അതിൽ സംശയമില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് മനഃപൂർവം ഷാഫിയെ ലക്ഷ്യമാക്കി മർദിച്ചു. സർക്കാരിനെതിരായ വിഷയങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പൊലീസിനെ അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. “പോലീസ് എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നത്, സർക്കാരിന്റെ ഉദ്യോഗസ്ഥരെന്ന നിലയിൽ അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കണം,” എന്നും സതീശൻ മുന്നറിയിപ്പ് നൽകി.
സംഘർഷത്തിൽ ഒരു യുഡിഎഫ് പ്രവർത്തകന്റെ കാഴ്ച ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ശബരിമലയിലെ പ്രതിസന്ധികളിൽ നിന്ന് മുഖ്യമന്ത്രിയെയും സർക്കാരിനെയും രക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും, ഇതിന് കോൺഗ്രസും യുഡിഎഫും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് മർദനത്തെ “കാട്ടുനീതി” എന്നു വിശേഷിപ്പിച്ചു. “ഇതിന്റെ എല്ലാ കണക്കുകളും എഴുതിവെച്ചിട്ടുണ്ട്. രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസുകാർ അത് ഓർക്കണം,” എന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
വേണുഗോപാൽ ആരോപിച്ചത്, ശബരിമലയിലെ സ്വർണക്കടത്ത് വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ആക്രമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് 2023-ൽ ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചുവെന്ന വിവരം പുറത്തുവന്നതും, മുഖ്യമന്ത്രിയുടെ കേന്ദ്രമന്ത്രിമാരുടെ വീടുകളിലേക്കുള്ള സ്വകാര്യ സന്ദർശനങ്ങളും ചേർന്നുനോക്കുമ്പോൾ “ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു” എന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു.
“മറ്റാരെയെങ്കിലും ഇഡി സമൻസ് അയച്ചിരുന്നെങ്കിൽ അതിന് വൻ പബ്ലിസിറ്റി തന്നെയുണ്ടായേനെ. എന്നാൽ ഇത്രയും പ്രധാനമായ വിഷയമൊളിച്ചുവച്ചത് സംശയാസ്പദമാണ്,” എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Tag: If Shafi Parambil’s blood has fallen on the ground, we will definitely seek revenge for it,” V.D. Satheesan