international newsLatest NewsWorld

പുട്ടിന് കത്തെഴുതി മെലാനിയ ട്രംപ്; യുദ്ധത്തിൽ അകപ്പെട്ട യുക്രൈൻ കുട്ടികൾ വീട്ടിൽ തിരിച്ചെത്തി

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി തനിക്ക് തുറന്ന ആശയവിനിമയ മാർഗമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. റഷ്യ- യുക്രൈൻ യുദ്ധത്തിൽ ബാധിതരായ കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള തന്റെ ആശങ്ക അറിയിച്ച കത്തിന് മറുപടിയായി, കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പുതിൻ അറിയിച്ചതായും മെലാനിയ പറഞ്ഞു.

തന്റെ കത്തിന്റെ ഫലമായി ഒട്ടേറെ യുക്രൈൻ കുട്ടികൾ കുടുംബങ്ങളുമായി വീണ്ടും ഒന്നിയതായി മെലാനിയ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കുട്ടികൾ കുടുംബങ്ങളുമായി പുനഃസംഗമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം, 20,000-ത്തിലധികം യുക്രൈൻ കുട്ടികളെ ബലമായി റഷ്യയിലേക്കോ റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിലേക്കോ മാറ്റിയതായി യുക്രൈൻ ആരോപിക്കുന്നു. പുതുതായി മടങ്ങിയെത്തിയ കുട്ടികളിൽ മൂന്നുപേർ പോരാട്ടനിരകളിൽ കുടുംബങ്ങളിൽ നിന്ന് വേർപെട്ട് റഷ്യയിലേക്ക് മാറ്റപ്പെട്ടവരാണെന്ന് മെലാനിയ അറിയിച്ചു.

കുട്ടികളെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചത് റഷ്യൻ, യുക്രെയ്നിയൻ അധികാരികളുടെ സംയുക്ത പരിശ്രമത്തിലൂടെയാണെന്നും, ഓരോ കുട്ടിയുടേയും വ്യക്തിവിവരങ്ങളും സാഹചര്യങ്ങളും ഫോട്ടോകൾ സഹിതം ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് തനിക്ക് ലഭിച്ചതായും യുഎസ് സർക്കാർ ഈ വസ്തുതകൾ സ്ഥിരീകരിച്ചതായും അവർ പറഞ്ഞു.

അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ് ട്രംപ് പുതിനോട് മെലാനിയയുടെ കത്ത് നേരിട്ട് കൈമാറിയതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് അറിയിച്ചു. സ്ലൊവേനിയൻ വംശജനായ മെലാനിയ ആ യാത്രയിൽ പങ്കെടുത്തിരുന്നില്ല.

“ഓരോ കുട്ടിയുടെയും ഹൃദയത്തിൽ ഒരേ സ്വപ്നങ്ങളാണ് — സ്‌നേഹവും, അവസരങ്ങളും, സുരക്ഷയും. അവർ അപകടങ്ങളിൽനിന്ന് അകലെയായൊരു ജീവിതം സ്വപ്നം കാണുന്നു,” എന്ന് പുതിനുള്ള കത്തിൽ മെലാനിയ എഴുതിയിരുന്നു.

Tag: Melania Trump writes letter to Putin; Ukrainian children caught in war return home

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button