ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ; ട്രംപ് മോദിയെ തന്റെ “വിലപ്പെട്ട സുഹൃത്തായി” കാണുന്നതായി ഗോർ

ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ ശനിയാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും നേരിൽ കണ്ടു. സുപ്രധാനമായ ഈ നയതന്ത്ര പദവിയിൽ നിയമിതനായതിന് ശേഷമുള്ള ഗോറിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
ഡോണാൾഡ് ട്രംപ് ഓഗസ്റ്റിൽ ഗോറിനെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നാമനിർദ്ദേശം ചെയ്തിരുന്നു. ഇന്ത്യയ്‌ക്ക് മേൽ 25% അധിക താരിഫ് ഏർപ്പെടുത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനം ഇരുരാജ്യങ്ങളും വ്യാപാരചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നടക്കുന്നത്.
ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ഗോർയും മോദിയും വ്യാപാരം, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ട്രംപ് മോദിയെ തന്റെ “വിലപ്പെട്ട സുഹൃത്തായി” കാണുന്നതായി ഗോർ വ്യക്തമാക്കി.
ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ ഗോർ, ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ്–മോദി തമ്മിൽ ഫോണിൽ സംസാരിച്ചതായും വെളിപ്പെടുത്തി. “പ്രസിഡന്റ് ട്രംപ് മോദിയെ മഹാനായ നേതാവായും വ്യക്തിപരമായ സുഹൃത്തായും കാണുന്നു. ഞാനിവിടെ എത്തുന്നതിന് മുമ്പ് ഇരുവരും വളരെ നല്ലൊരു സംഭാഷണം നടത്തി. വരും ആഴ്ചകളിലും മാസങ്ങളിലും ആ ബന്ധം തുടരും,” എന്നാണ് ഇന്ത്യയിലെ യുഎസ് എംബസിയുടെ പ്രസ്താവനയിൽ ഗോറിന്റെ വാക്കുകൾ.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോർ അറിയിച്ചു: “നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും രാജ്യങ്ങളെ കൂടുതൽ സുരക്ഷിതവും സമൃദ്ധവുമാക്കാനും ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ഇന്ത്യയ്‌ക്ക് മേൽ ട്രംപ് 50% വരെ അധിക താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്നുള്ള ബന്ധമാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോറിന്റെ പ്രസ്താവനകൾ ശ്രദ്ധ നേടുന്നത്. റഷ്യയുമായി ഇന്ത്യ തുടർന്നു വരുന്ന എണ്ണവ്യാപാരത്തോടുള്ള പ്രതികാരമായാണ് ഈ തീരുവകളിൽ പകുതി ചുമത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ വ്യാപാരം നിയന്ത്രിക്കണമെന്ന് അമേരിക്ക മറ്റു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
സന്ദർശനത്തിനിടെ ഗോർ, ട്രംപ് മോദിക്ക് നൽകിയ ഒരു പ്രത്യേക സമ്മാനം കൈമാറുകയും ചെയ്തു — ഇരുവരുടെയും ചേർന്ന ചിത്രം. അതിൽ ട്രംപ് കൈകൊണ്ട് എഴുതിയ സന്ദേശം ഇങ്ങനെ: “മിസ്റ്റർ പ്രൈം മിനിസ്റ്റർ, യു ആർ ഗ്രേറ്റ്.”
കഴിഞ്ഞ മാസം ട്രംപും മോദിയും തമ്മിൽ നടന്ന നിർണ്ണായക സംഭാഷണത്തിന് ശേഷം ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ മാറ്റം പ്രകടമായിരുന്നു. “ഞാൻ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും. അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണ്, അദ്ദേഹം മഹാനാണ്. എങ്കിലും ചില വിഷയങ്ങളിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പ്രത്യേകതയുള്ളതാണ്, ആശങ്കപ്പെടേണ്ട കാര്യമില്ല.” താരിഫ് കാലാവധി അവസാനിച്ചതിന് പിന്നാലെ ട്രംപ് പറഞ്ഞിരുന്നു.
Tag: Sergio Gore, US Ambassador-designate to India