സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ മാസം 15 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. ഇടവിട്ടുള്ള ഇടിമിന്നലിനും സാധ്യതയുണ്ടെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടയുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാനും തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 7 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെയുള്ള മഴ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Tag: Isolated heavy rains likely in the state; Yellow alert in 5 districts