ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് പോയ ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു

ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് പോയ ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരണമടഞ്ഞു. ഷാം എൽ-ഷൈഖിൽ നിന്ന് ഏകദേശം അൻപത് കിലോമീറ്റർ അകലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മരിച്ചവർ ഖത്തർ പ്രോട്ടോക്കോൾ ടീമിലെ അംഗങ്ങളാണ്.
ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തിലെ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു അവർ. ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്ക് ഷാം എൽ- ഷൈഖ് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് അപകടവാർത്ത എത്തിയത്.
ഇതിനിടെ, ഗാസ സമാധാന പ്രഖ്യാപനത്തിനായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യേഷ്യയിലേക്ക് തിരിച്ചു. ട്രംപ് ഈജിപ്തും ഇസ്രയേലും സന്ദർശിക്കുമെന്നും, ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബന്ദികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഇന്ന് എടുക്കാനാണ് സാധ്യത.
സഹായവാഹനങ്ങൾ ഇതിനകം ഗാസയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് പിന്നാലെ ഹമാസും ഇസ്രയേലും ഗാസ സമാധാന പദ്ധതിക്ക് ഒപ്പുവെച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകളുടെ ശേഷം ഇസ്രയേൽ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
കരാറനുസരിച്ച്, 24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്തുകയും, 72 മണിക്കൂറിനകം ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെയും, ഇസ്രയേൽ തടവറകളിലുള്ള പലസ്തീനികളെയും പരസ്പരം മോചിപ്പിക്കുകയും വേണം എന്ന വ്യവസ്ഥയുമുണ്ട്.
Tag: Qatari diplomats die in car accident while traveling to Egypt for Gaza peace declaration