”അർദ്ധരാത്രി പെൺകുട്ടികൾ പുറത്തിറങ്ങിയത് എന്തിനാണ്”; എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി മമത ബാനർജി

പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി. അർദ്ധരാത്രി പെൺകുട്ടികൾ പുറത്തിറങ്ങിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രസ്താവന അപമാനകരമാണെന്ന് ബിജെപി വിമർശിച്ചു. ഇതിനിടെ ഉത്തർപ്രദേശിൽ പ്രായപൂർത്തായാകാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ 4 പേർ അറസ്റ്റിലായി.
ഒഡീഷ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ക്യാംപസിന് സമീപം ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് അതിജീവിതയെ കുറ്റപ്പെടുത്തി പ്രതികരിച്ചത്. രാത്രി പന്ത്രണ്ടരയ്ക്ക് പെൺകുട്ടിയെ സുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചത് എന്തിനാണെന്ന് ചോദിച്ച മമത, എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം കുറ്റവാളികളെ സംരക്ഷിക്കാനായി മമത അതിജീവിതയെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി വിമർശിച്ചു. സംഭവത്തിൽ പ്രദേശവാസികളായ 3 പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. പിടിയിലായവരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്നാണ് സൂചന. ദുർഗാപൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ബംഗാളിലെ പീഢനത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഉത്തർ പ്രദേശിലെ ലക്നൗവിൽ നിന്നും കൂട്ട ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ശനിയാഴ്ച ബന്താര മേഖലയിൽ ബന്ധുവിനെ കാണാൻ സുഹൃത്തിനൊപ്പം പോകുമ്പോഴാണ് പതിനേഴുകാരിയായ ദളിത് പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ 4 പേർ അറസ്റ്റിലായിട്ടുണ്ടെന്നും, ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്നും യുപി പോലീസ് അറിയിച്ചു.
Tag: Mamata Banerjee blames survivor for MBBS student gang-rape incident