ബിഹാറിൽ എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമധാരണ; ബിജെപിയ്ക്കും ജെഡിയുവിനും 101 സീറ്റുകൾ

ബിഹാറിൽ എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയിലെത്തി. ബിജെപിയും ജെഡിയുവും 101 സീറ്റുകൾ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റുകളും, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്കും ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിക്കും 6 സീറ്റുകൾ വീതം ലഭിക്കും. ബിഹാറിലെ നിയമസഭയിൽ ആകെ 243 സീറ്റുകളാണ് ഉള്ളത്.
ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, 29 സീറ്റിനുമേൽ വിട്ടുകൊടുക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഒടുവിൽ 6 സീറ്റുകളിൽ ഒതുങ്ങി.
തിരഞ്ഞെടുപ്പ് തന്ത്രം ആസൂത്രണം ചെയ്യാൻ ധർമേന്ദ്ര പ്രധാൻ നേതൃത്വം വഹിക്കുന്നതിനു പിന്നിൽ ബിജെപിക്ക് വ്യക്തമായ ലക്ഷ്യവുമുണ്ട്. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിനും അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. ആ സംസ്ഥാനത്ത് ശക്തമായ സർക്കാര്‍വിരുദ്ധ തരംഗം ഉണ്ടായിട്ടും ബിജെപി വീണ്ടും അധികാരത്തിലെത്തിയതും അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായിരുന്നു.
മതിയായ സീറ്റുകൾ ലഭിക്കാത്ത പക്ഷം ഒറ്റയ്ക്കു മത്സരിക്കുമെന്ന് ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം, ആർഎൽഎം പാർട്ടികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ധർമേന്ദ്ര പ്രധാൻ ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം മാഞ്ചി നിലപാട് മയപ്പെടുത്തി.
Tag: Final decision on seat sharing in NDA alliance in Bihar; BJP and JDU to get 101 seats