വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഏഴ് തടവുകാരെ മോചിപ്പിച്ചു; ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങി

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഏഴ് തടവുകാരെ മോചിപ്പിച്ചു. ഇവരെ റെഡ് ക്രോസിന് കൈമാറിയതിനെ തുടർന്ന് ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങി. “തടവുകാർ കുടുംബങ്ങളുമായി ബന്ധപ്പെട്ടു, എല്ലാവരും ആരോഗ്യവാന്മാരാണ്. സുഖമായി ഇരിക്കുന്നു ” അൽജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിലാണ് കൈമാറ്റം നടന്നത്.
വെടിനിർത്തൽ കരാറനുസരിച്ച് ജീവനോടെ ഉള്ള 20 തടവുകാരെ ഹമാസ് ഇസ്രായേലിന് കൂടി കൈമാറും. ബാക്കിയുള്ളവരെ തെക്കൻ ഗസ്സയിൽ മോചിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രാദേശിക സമയം രാവിലെ 10 മണിയോടെ എല്ലാ തടവുകാരുടെയും മോചനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്രായേൽ അനധികൃതമായി തടവിലിട്ടിരുന്ന 2,000 ഫലസ്തീനികളെയും ഇതേ കരാറിന്റെ ഭാഗമായി മോചിപ്പിക്കും. ഇവരിൽ ഭൂരിഭാഗവും കുറ്റപത്രം സമർപ്പിക്കാതെ വർഷങ്ങളായി തടങ്കലിലായിരുന്നവരാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരും ഈ പട്ടികയിൽ ഉൾപ്പെടും.
തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറും. തുടർന്ന് ഗസ്സയിലെ ഇസ്രായേൽ സൈനിക താവളത്തിലേക്ക് കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധന നടത്തും. അതിനുശേഷമാണ് ഇവരെ ഇസ്രായേലിലേക്ക് മാറ്റുക. എന്നാൽ വർഷങ്ങളായി തടവിൽ കഴിയുന്ന ഫലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ ഇസ്രായേൽ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്ക് സ്വദേശികളെയും മോചിപ്പിക്കാനാണ് തീരുമാനം, പക്ഷേ ഇവരുടെ ബന്ധുക്കൾ ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഇസ്രായേൽ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
“തടവുകാരുടെ മോചനം രാജ്യത്തിന് ഐക്യത്തിന്റെ നിമിഷമായിരിക്കും,” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ, ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിനെ വിമർശിച്ച് “തടവുകാരെ രക്ഷിക്കുന്നതിലേക്കാൾ സൈനിക വിജയത്തിനാണ് പ്രധാനമന്ത്രി മുൻഗണന നൽകുന്നത്” എന്ന് ആരോപിച്ചു. ശനിയാഴ്ച തെൽ അവീവിൽ നടന്ന റാലിയിൽ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നെതന്യാഹുവിനെ പ്രശംസിച്ചതിനെത്തുടർന്ന് ജനക്കൂട്ടം കൂക്കിവിളിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
Tag: Hamas releases seven prisoners as part of ceasefire deal; Israeli forces take them