സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിനെ കസ്റ്റഡിയിൽ കിട്ടാൻ കേരള വനവകുപ്പും കോടതിയിൽ അപേക്ഷനൽകും.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിനെ കസ്റ്റഡിയിൽ കിട്ടാൻ കേരള വനവകുപ്പും കോടതിയിൽ അപേക്ഷനൽകും. കെ.ടി. റമീസ് ഉള്‍പ്പെട്ട മൃഗവേട്ടക്കേസില്‍ റമീസിനെതിരെ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും, വനം വകുപ്പിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വനംവകുപ്പിന്റെ പാലക്കാട് വാളയാർ റാങ്കിന്റെ പരിധിക്കുള്ളിൽ ആറുവര്‍ഷം മുന്‍പ് മൂന്നു മ്ലാവിനെ വെടിവച്ചു കൊന്നതില്‍ റമീസ് പങ്കാളിയായിരുന്നു. റമീസ് ആണ് മ്ലാവുകളെ വെടിവെച്ചതെന്നും, റെമീസിന്റെ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും കൂട്ടുപ്രതികളും വനം വകുപ്പിന് മൊഴിനല്കിയിരുന്നതാണ്. റമീസിനെതിരെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 2 ,9 വകുപ്പുകൾ പ്രകാരവും, ഫോറസ്റ്റ് ആക്ട് 27 പ്രകാരവും വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്. ജീവപര്യന്തം ശിക്ഷവരെ കിട്ടാൻ ഇടയുള്ള കുറ്റകൃത്യം ചെയ്ത റമീസിനെ പിടികൂടാൻ വനം വകുപ്പ് നടത്തിയ ഉദ്യമങ്ങൾ എല്ലാം പരാജയപ്പെടുകയായിരുന്നു. അയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു എന്നാണ്
വാളയാർ റേഞ്ച് ഓഫീസർ ഇത് സംബന്ധിച്ച് നവകേരള ന്യൂസിനോട് പറഞ്ഞത്. രണ്ടു തവണ വനം വകുപ്പ് നോട്ടീസ് അയച്ചു. സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ കസ്റ്റഡിയിലായി. കസ്റ്റഡിയിൽ കിട്ടാൻ വനം വകുപ്പ് കോടതിയിൽ അപേക്ഷനൽകി പ്രതിയെ കസ്റ്റഡിയിൽ എടുക്കും. റേഞ്ച് ഓഫീസർ ഡി എൽജിത് പറഞ്ഞു.
2014 ജൂലൈ മാസം ആണ് പാലക്കാട് പുതുശേരി കോങ്ങോട്ടുപാടത്ത് മൂന്നു മ്ലാവുകളെ വെടിയേറ്റു ചത്തനിലയില്‍ വനപാലകര്‍ കണ്ടെത്തുന്നത്. അന്വേഷണത്തില്‍ അന്ന് മൂന്നുപേര്‍ അറസ്റ്റിലായി. കോങ്ങോട്ടുപാടം സ്വദേശി രാജീവ്, കഞ്ചിക്കോട് ഹില്‍വ്യൂ നഗര്‍ കൊട്ടാംപാറ ദുരൈസ്വാമി, ചടയന്‍കാലായ് ഉമ്മിണികുളം സി.ജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നല്കിയ മൊഴിയിലാണ് വേട്ടക്കാരൻ കെ.ടി. റമീസ് ആണെന്ന് കണ്ടെത്തുന്നത്. റമീസിനെ പിടികൂടാന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ താല്പര്യം കാണിച്ചെങ്കിലും, ഉന്നതങ്ങളിലെ ഇടപെടൽ മൂലം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ആറുവര്‍ഷകാലമായി റമീസ് മുഖ്യ പ്രതിയായ കേസിന്റെ ഫയൽ അന്തിമ റിപ്പോര്‍ട്ട് പോലും തയ്യാറാക്കാനാവാതെ വാളയാർ റേഞ്ച് ഓഫീസിൽ പൊടിപിടിച്ചു കിടക്കുമ്പോഴാണ് സ്വർണ്ണക്കടത്ത് കേസിൽ റമീസ് പിടിയിലായിരിക്കുന്നത്.