കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത് സർക്കാർ നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഞ്ചിനീയറിങ് വിഭാഗത്തിൽ ഓവർസീയറായി നിയമിതനായ നവനീത്, ഇന്ന് രാവിലെ കോട്ടയം തിരുനക്കരയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മന്ത്രി വി. എൻ. വാസവന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ചുമതലയേറ്റു.
വൈക്കം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് നവനീതിന്റെ നിയമനം. രണ്ടുവർഷത്തെ പ്രൊബേഷൻ കാലാവധിക്ക് ശേഷം നിയമനം സ്ഥിരമാകും. ഈ മാസം ആദ്യം സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. നവനീത് ജോലിയിൽ പ്രവേശിച്ചതോടെ ബിന്ദുവിന്റെ കുടുംബത്തിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ പാലിച്ചുവെന്ന് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.
സർകരും സമൂഹവും നൽകിച്ചെലവിട്ട എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ച നവനീത്, ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ തനിക്കും കുടുംബത്തിനും ഒപ്പം നിന്ന എല്ലാവർക്കും കടപ്പാട് രേഖപ്പെടുത്തി. മുൻപ് ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി. ബിന്ദുവിന്റെ വീട് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പുനർനിർമിച്ച് കഴിഞ്ഞ മാസം കുടുംബത്തിന് കൈമാറിയിരുന്നു.
കഴിഞ്ഞ ജൂലൈ 3നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ദാരുണമായി മരിച്ചത്. മകൾ നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ ബിന്ദു കുളിക്കാനായി ശൗചാലയത്തിൽ പോയപ്പോഴായിരുന്നു അപകടം. തകർന്ന ഭാഗത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ബിന്ദു അവയ്ക്കടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്കുശേഷം നവമി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ആരോഗ്യം മെച്ചപ്പെട്ടതോടെ ഉടൻ പഠനം പുനരാരംഭിക്കുമെന്നാണ് കുടുംബം അറിയിച്ചത്.
Tag: Bindu’s son, who died in the Kottayam Medical College tragedy, has joined the workforce