keralaKerala NewsLatest News

ശബരിമല സ്വർണക്കൊള്ള കേസ്; ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി. ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രമായ ഇടപാടുകളിലും ദുരൂഹതയുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് എസ്.ഐ.ടി.യ്ക്ക് സംശയം. നാലര കിലോ സ്വർണ്ണം ഹൈദരാബാദിൽ വെച്ചാണ് കാണാതായത് എന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. സ്വർണ്ണപ്പാളികൾ ഹൈദരാബാദിൽ തന്നെ മറിച്ചു വിറ്റതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

നാഗേഷ് ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം തിരുവനന്തപുരത്തും എത്തിയിരുന്നതായി സൂചനകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എസ്.ഐ.ടി. മേധാവിയും എ.ഡി.ജി.പി.യുമായ എച്ച്. വെങ്കിടേഷ് നാളെ സന്നിധാനത്തെത്തും. പ്രത്യേക സംഘം പത്തനംതിട്ടയിൽ ചേർന്ന് അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

ഇതിനിടെ, ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം 2019-ൽ നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റിലാണ് ഈ വീഴ്ചകൾ പുറത്തായത്. ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിലെ സ്വർണ്ണവും വെള്ളിയുമെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്ററിൽ പൂർണ്ണമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. സ്ട്രോങ്ങ് റൂമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വിരമിച്ച ശേഷവും വിവരങ്ങൾ കൈമാറാതെ പോയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് ദേവസ്വം ബോർഡ് അദ്ദേഹത്തിന്റെ പെൻഷൻ തടഞ്ഞുവെക്കാൻ തീരുമാനിച്ചു. പരിശോധനകൾ നടന്നത് ഡി. സുധീഷ് കുമാർ എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന സമയത്താണ്. എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യമായ രേഖകൾ ഓഡിറ്റ് സംഘത്തിന് കൈമാറിയിരുന്നു.

അതേസമയം, സന്നിധാനത്തിലെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ. ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിവസവും തുടരുകയാണ്. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കൊണ്ടുവന്ന സ്വർണ്ണപ്പാളികളുടെ പരിശോധനയാണ് ഇന്നും പ്രധാനമായും നടക്കുന്നത്. വൈകിട്ട് പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യം. സ്മാർട്ട് ക്രിയേഷൻസിന്റെ പ്രതിനിധിയായ അഭിഭാഷകനും പരിശോധനയിൽ സന്നിഹിതനാണ്.

സന്നിധാനത്തിലെ പരിശോധന പൂർത്തിയായ ശേഷം ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂമിൽ കണക്കെടുപ്പ് ആരംഭിക്കാനാണ് പദ്ധതി. ഇതിനകം എസ്.ഐ.ടി. സംഘം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ച് കൂടുതൽ തെളിവുകൾ പരിശോധിക്കുന്നുണ്ട്.

Tag: Sabarimala gold theft case; SIT extends investigation to Hyderabad

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button