keralaKerala NewsLatest News

ബന്ദിമോചനം; ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തും

ബന്ദിമോചന കരാറിന്റെ ഭാഗമായി ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ഈജിപ്ത് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. പലസ്തീൻ തടവുകാരെ സ്വീകരിക്കാൻ കാത്തിരുന്ന കുടുംബങ്ങൾക്കായി ഈ വാർത്ത വലിയ ഞെട്ടലായി മാറി. “ഇത് സ്വാതന്ത്ര്യം അല്ല, കയ്പേറിയ ശിക്ഷയാണ്,” എന്ന് കുടുംബങ്ങൾ പ്രതികരിച്ചു.

ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചന കരാറിലെ ഇരട്ടനിലപാടാണെന്നും ശക്തമായ വിമർശനങ്ങൾ ഉയരുന്നു. “ഇവർ പലസ്തീൻ പൗരന്മാരാണ്. അവരെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമാണ്. അവർക്കു മറ്റൊരു രാജ്യത്തിന്റെ പൗരത്വവുമില്ല. ചെറിയ ജയിലിൽ നിന്ന് പുറത്തുവിട്ടുവെങ്കിലും അവരെ വലിയ ജയിലിലേക്കാണ് അയച്ചിരിക്കുന്നത് — പുതിയ രാജ്യങ്ങളിൽ അവർക്കു കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ഇത് മനുഷ്യത്വവിരുദ്ധമാണ്,” എന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ താമർ ഖർമോത് പറഞ്ഞു.

മോചിതരെ ഏത് രാജ്യങ്ങളിലേക്കാണ് നാടുകടത്തിയത് എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതിന് മുമ്പും ഇസ്രയേൽ പലസ്തീൻ തടവുകാരെ ടുണീഷ്യ, അൾജീരിയ, തുർക്കി എന്നിവിടങ്ങളിലേക്ക് നാടുകടത്തിയിരുന്നു. ജനുവരിയിൽ മോചിതരായ ചിലരെ ഈ രാജ്യങ്ങളിലേക്കായിരുന്നു മാറ്റിയത്. ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് പിടിച്ചുവെച്ച 20 ഇസ്രയേൽ ബന്ദികളെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചു.

അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസ സമാധാന കരാറിൽ ഒപ്പുവെച്ചു. ഇതോടെ രണ്ടുവർഷമായി നീണ്ടുനിന്ന യുദ്ധത്തിന് വിരാമമായി. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്, എന്നാൽ ഇസ്രയേലും ഹമാസും അതിൽ പങ്കെടുത്തിട്ടില്ല. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്നീട് ഈജിപ്ത് യാത്ര റദ്ദാക്കി.

ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20-പൊഇൻറ് സമാധാന പദ്ധതിയാണ് ഇപ്പോഴത്തെ കരാറിന്റെ അടിസ്ഥാനമെന്നാണ് സൂചന. ബന്ദിമോചനം, വെടിനിർത്തൽ, പ്രാദേശിക സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഈ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tag: Hostage release; 154 of the Palestinian prisoners released by Israel will be deported to third countries

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button