Kerala NewsLatest News

നെന്മാറ സജിത വധക്കേസ്; ചെന്താമരയുടെ ഭീഷണിയെ തുടർന്ന് കേസിലെ പ്രധാന സാക്ഷി നാടുവിട്ടു

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതിയായ ചെന്താമരയുടെ ഭീഷണിയെ തുടർന്ന് കേസിലെ പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ നാടുവിട്ടതായി വിവരം. ഇപ്പോൾ അവർ തമിഴ്നാട്ടിലാണ്. സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും. അന്വേഷണത്തിന് നിർണായകമായത് പുഷ്പയുടെ മൊഴിയായിരുന്നു. സജിതയെ കൊലപ്പെടുത്തിയതിന് ശേഷം ചെന്താമര അവിടെ എത്തുന്നത് നേരിട്ട് കണ്ടതും മൊഴിയായി പോലീസിനോട് പറഞ്ഞതും അവരായിരുന്നു. ഇതിനെത്തുടർന്ന് ചെന്താമര പലവട്ടം പുഷ്പയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, ശിക്ഷാവിധിക്ക് മുൻപായി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സജിതയുടെയും ഭർത്താവ് സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. “അയാൾ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഞങ്ങളുടെ ജീവനും അപകടത്തിലാണ്. അയാളെ തൂക്കിലേറ്റണം. അയാൾ ജീവിക്കുന്നിടത്തോളം ഞങ്ങൾ പേടിയിലാണ്,” എന്നാണ് അവർ പ്രതികരിച്ചത്.

ചെന്താമര പ്രതിയായ ഈ കേസിൽ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഇരട്ടക്കൊല നടത്തിയത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. ആറു വർഷങ്ങൾക്കുശേഷമാണ് വിചാരണ പൂർത്തിയാകുന്നത്.

2019 ഓഗസ്റ്റ് 31-നാണ് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര (ചെന്താമരാക്ഷൻ) വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ സജിതയാണ് കാരണം എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴികളും സാഹചര്യ തെളിവുകളും കേസിൽ നിർണായകമായി.

സജിത ഒറ്റയ്ക്കായിരുന്ന സമയത്ത് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ചെന്താമര കത്തിയുമായി കയറി സജിതയെ നിരന്തരം വെട്ടി വീഴ്ത്തിയത്. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽവെച്ച്, പ്രതി നെല്ലിയാമ്പതിയിലെ മലയിൽ ഒളിവിൽ പോയി. രണ്ടുദിവസത്തിന് ശേഷം വിശന്നും വലഞ്ഞും മലയിറങ്ങി വന്നപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയും മകളും വിട്ടുപോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി മൊഴി നൽകിയിരുന്നു.

മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം വിചാരണ നീണ്ടു. ഇന്ന് വിധി വരുന്നതോടെ നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികളും ഉടൻ ആരംഭിക്കാനാണ് സാധ്യത.

Tag: Nenmara Sajitha murder case; Key witness in the case leaves the country following threats from Chenthamara

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button