“നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ നിങ്ങൾക്ക് എതിർപ്പില്ലല്ലോ? കാരണം നിങ്ങൾ സുന്ദരിയാണ്,” മെലോണിയയോട് ട്രംപ്

ഈജിപ്തിൽ നടന്ന ഗാസ അന്താരാഷ്ട്ര ഉച്ചകോടിയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ “സുന്ദരിയെന്ന്” വിശേഷിപ്പിച്ചതാണ് ഇപ്പോൾ ലോക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വേദിയിലെ ഏക വനിതാ നേതാവായ മെലോണിയെ കുറിച്ച് ട്രംപ് നടത്തിയ പരാമർശം ചർച്ചയാകുമ്പോൾ, അതിനെതിരായ വിമർശനങ്ങൾക്കും ട്രംപ് നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
“അമേരിക്കയിൽ ഒരു സ്ത്രീയെ ‘സുന്ദരി’ എന്ന് വിളിച്ചാൽ, അത് നിങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമായിരിക്കും. പക്ഷേ ഞാൻ ആ വെല്ലുവിളി സ്വീകരിക്കുന്നു,” എന്നാണ് ട്രംപ് പ്രസംഗത്തിനിടെ പറഞ്ഞത്.
തന്റെ പ്രസംഗത്തിനിടെ പിന്നിലിരുന്ന 48 കാരിയായ ജോർജിയ മെലോണിയോട് തിരിഞ്ഞ്, “നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ നിങ്ങൾക്ക് എതിർപ്പില്ലല്ലോ? കാരണം നിങ്ങൾ സുന്ദരിയാണ്,” എന്ന് ട്രംപ് ചോദിച്ചു. അതിന് മെലോണി ചിരിച്ചുകൊണ്ട് മറുപടി നൽകി, എന്നാൽ അവൾ പറഞ്ഞത് വ്യക്തമായിരുന്നില്ല.
കുടിയേറ്റത്തിലും സാംസ്കാരിക വിഷയങ്ങളിലുമുള്ള മെലോണിയുടെ നിലപാടുകളെ ട്രംപ് പ്രശംസിച്ചു. “ഇറ്റലിയിൽ അവർക്കുള്ള ബഹുമാനം വലുതാണ്. അവർ മികച്ച രാഷ്ട്രീയനേതാവാണ്,” എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഗാസയിലെ വെടിനിർത്തൽ കരാർ “പുതിയ പശ്ചിമേഷ്യയുടെ ഉദയമാണ്” എന്നും, “ഭീകരതയും നാശവും വിതച്ച ശക്തികൾ പരാജയപ്പെട്ടു” എന്നും സമാധാന ഉച്ചകോടിയിൽ അധ്യക്ഷനായ ട്രംപ് പ്രസ്താവിച്ചു. ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രെഡ്രിക് മെർസ് തുടങ്ങിയ പ്രമുഖ ലോകനേതാക്കളും പങ്കെടുത്തു.
Tag: Trump calls Italian Prime Minister Giorgia Meloni “beautiful”