ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമം; അഗ്നിശമന സേനാംഗം വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം വൈദ്യുതാഘാതമേറ്റ് മരിച്ചു. മരിച്ചത് 28 വയസ്സുകാരനായ ഉത്സവ് പാട്ടീൽ ആണ്.
ദിവ–ഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപമായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ. ടോറന്റ് പവർ കമ്പനിയുടെ ഓവർഹെഡ് വയറുകളിൽ ഒരു പ്രാവ് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് താനെ ഫയർ ബ്രിഗേഡ് സംഘത്തെ ദിവ ബീറ്റ് ഫയർ സ്റ്റേഷനിൽ നിന്ന് സ്ഥലത്തെത്തിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ, ഉത്സവ് പാട്ടീലും സഹപ്രവർത്തകൻ ആസാദ് പാട്ടീലും അബദ്ധത്തിൽ ഹൈടെൻഷൻ വൈദ്യുത കേബിള് സ്പർശിച്ച് ഷോക്കേറ്റ് വീഴുകയായിരുന്നു. ഇരുവരെയും ഉടൻ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉത്സവിനെ രക്ഷിക്കാനായില്ല. പാൽഘറിലെ വാഡ സ്വദേശിയായ ആസാദ് പാട്ടീൽ (29) ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്, അദ്ദേഹത്തിന് കൈയിലും നെഞ്ചിലും പരിക്കുകളുണ്ട്.
താനെ ഫയർ ബ്രിഗേഡ് ചീഫ് ഫയർ ഓഫീസർ ഗിരീഷ് സലാകെ മരണവിവരം സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷാ വീഴ്ചകളെ കുറിച്ച് തദ്ദേശവാസികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ പരിശീലനം ഫയർഫോഴ്സിന് ലഭിക്കുന്നില്ലെന്നും, വൈദ്യുതി വിതരണം വിച്ഛേദിക്കാതെ രക്ഷാപ്രവർത്തനം ആരംഭിച്ചത് വലിയ പിഴവായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Tag: Firefighter dies of electrocution while trying to save pigeon stuck in electric wire