”ആലപ്പുഴയിൽ രാഷ്ട്രീയ ‘ഗ്യാങ്‌സ്റ്ററിസം’ ”; സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് ജി. സുധാകരൻ

തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന സിപിഐ(എം) നേതാവ് ജി. സുധാകരൻ. ആലപ്പുഴയിൽ രാഷ്ട്രീയ ‘ഗ്യാങ്‌സ്റ്ററിസം’ നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ ഒരു നേതാവാണ് ഇതിന് പിന്നിലെന്നും, ഏകദേശം 25 പേരടങ്ങുന്ന ഒരു സംഘമാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ ഐഡികൾ ഉപയോഗിച്ച് തനിക്കും കുടുംബാംഗങ്ങൾക്കും നേരെ അധിക്ഷേപം നടത്തുന്നതെന്നും സുധാകരൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവൃത്തികൾ പാർട്ടിക്ക് തന്നെ ദോഷം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം കെ. കെ. ഷാജു തന്നെ അധിക്ഷേപിച്ചെന്നും സുധാകരൻ ആരോപിച്ചു. “ജില്ലാ നേതൃത്വം ഇതിനെതിരെ സമാധാനം പറയണം, അന്വേഷണം നടത്തി നടപടിയെടുക്കണം. ഇത്തരം പെരുമാറ്റം ഞാൻ കണ്ടത് കൊള്ളക്കാരിൽ നിന്നാണ്. ഇത് പാർട്ടിയുടെ ജനസ്വാധീനം തകർക്കാനുള്ള രാഷ്ട്രീയ ക്രിമിനലിസമാണ്,” — അദ്ദേഹം പറഞ്ഞു. പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കൾ തന്നെ ഈ വിഷയത്തിൽ ഇടപെട്ട് സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി. സുധാകരനെതിരെ പുതിയ സൈബർ ആക്രമണം ആരംഭിച്ചത്. അദ്ദേഹത്തെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ അധിക്ഷേപപോസ്റ്റുകളാണ് വന്നത്. “രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ” എന്നായിരുന്നു ചില പോസ്റ്റുകൾ. അനിഷ് പി.എസ് എന്ന പ്രൊഫൈലിൽ നിന്നുമാണ് സുധാകരനെതിരെ കഠിന വിമർശനങ്ങൾ പങ്കുവെച്ചത്.
കെപിസിസി വേദിയിൽ സംസാരിക്കുമ്പോൾ, “കോൺഗ്രസുകാരെ കണ്ടാൽ കമ്മ്യൂണിസ്റ്റുകാർ കണ്ണടച്ച് നടക്കേണ്ടതുണ്ടോ?” എന്നായിരുന്നു സുധാകരന്റെ ചോദ്യം. “കോൺഗ്രസ് വേദിയിലായാലും എനിക്ക് അഭിപ്രായം പറയുന്നതിന് തടസ്സമില്ല. പ്രസംഗിക്കാൻ വരുന്നവരെ പാർട്ടിയിൽ ചേർക്കാൻ ആരെങ്കിലും നോക്കുമോ?” എന്നും അദ്ദേഹം ചോദിച്ചു.
“കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോൺഗ്രസുകാരെ കണ്ടാൽ കണ്ണടയ്ക്കണം — അങ്ങനെ ആയാൽ ആശയവ്യത്യാസങ്ങൾക്കിടയിലെ അനുരഞ്ജനം എവിടെയാണ്? ഒരു വീട്ടിൽ തന്നെ പല പാർട്ടിക്കാരുണ്ടാകാം; അവർ പരസ്പരം മിണ്ടാതിരിക്കരുത്,” എന്നായിരുന്നു സുധാകരന്റെ നിലപാട്.
Tag: G. Sudhakaran lashes out against cyber attacks