കല്ലടിക്കോട് മൂന്നേക്കറിൽ യുവാക്കൾ മരിച്ചനിലയിൽ; മൃതദേഹങ്ങൾക്കരികിൽ നാടൻ തോക്ക്

പാലക്കാട് കല്ലടിക്കോട് മൂന്നേക്കറിൽ ഇരട്ടമരണം. മൂന്നേക്കർ മരുതുംക്കാട് സ്വദേശികളായ ബിനുവിനെയും നിതിനെയും വെടിയേറ്റു മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികിൽ നിന്ന് നാടൻ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിതിൻ വീടിനുള്ളിലും ബിനു വീടിന് മുന്നിലെ റോഡിലുമാണ് മരിച്ച നിലയിൽ കിടന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, നിതിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സൂചന നൽകി.
സംഭവസ്ഥലത്ത് കല്ലടിക്കോട് പൊലീസ് അടക്കമുള്ള അന്വേഷണ സംഘങ്ങൾ എത്തി പരിശോധന ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി മേൽനോട്ടം വഹിച്ചു. പുലർച്ചെ മൂന്നുമണിയോടെ സമീപവാസികൾ വഴിയിൽ ബിനുവിന്റെ മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് വീടിനുള്ളിൽ നിതിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും കൂലിപ്പണിക്കാരാണെന്നും, തമ്മിൽ വ്യക്തിപരമായ തർക്കമോ വൈരാഗ്യമോ ഉണ്ടായിരുന്നില്ലെന്നും സമീപവാസികൾ പറയുന്നു. എന്നാൽ വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നത് സംഭവത്തിന്റെ ദുരൂഹത കൂടുതൽ ശക്തമാക്കുകയാണ്. പൊലീസ് വിവിധ വശങ്ങളിൽ അന്വേഷണം തുടരുകയാണ്.
Tag: Youths found dead in three acres of land in Kalladikodu; Country-made gun found next to bodies