keralaKerala NewsLatest News

ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളി പി.ടി.എ; സ്കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാം

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് തള്ളി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പ്രതികരിച്ചു. സ്കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാമെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ നിലപാടിൽ നിന്ന് പിൻമാറാനുള്ള കാര്യമില്ലെന്നും കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്ഥാപനത്തിന്റെ അവകാശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയും രക്ഷിതാവും യൂണിഫോം ധരിച്ച് സ്കൂളിലെത്താൻ സമ്മതിച്ചിട്ടുണ്ടെന്നും അതിനുശേഷം മന്ത്രിയുടെ ഇടപെടൽ ആവശ്യമില്ലായിരുന്നുവെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു.

“സ്കൂളിന്റെ നിയമം ആരും മാറ്റാനാവില്ല. വിദ്യാഭ്യാസ മന്ത്രിക്കും അതിനവകാശമില്ല. കുട്ടി ഇവിടെ തന്നെ പഠിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്, എന്നാൽ അത് സ്കൂളിന്റെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം,” ജോഷി കൈതവളപ്പിൽ വ്യക്തമാക്കി. 2018ലെ ഹൈക്കോടതി വിധിപ്രകാരം സ്ഥാപനത്തിന്റെ അവകാശമാണ് മുൻഗണനയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ എങ്ങനെയാണോ ഇതുവരെ പ്രവർത്തിച്ചിരുന്നത് അതുപോലെ തന്നെയായിരിക്കണം മുന്നോട്ടുള്ള പ്രവർത്തനവും. ഒരാൾക്കായി പ്രത്യേക ഇളവ് അനുവദിക്കുന്നത് ശരിയല്ലെന്നും മന്ത്രി പ്രസ്താവന ചെയ്യുന്നതിന് മുമ്പ് കാര്യങ്ങൾ വിലയിരുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. “മന്ത്രിയെ വിജയിപ്പിച്ചത് ജനങ്ങളാണ്; സ്കൂളിന്റെ നിബന്ധനകൾ പാലിച്ചുകൊള്ളാമെന്ന് കുട്ടിയുടെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ മന്ത്രിയുടെ ഇടപെടലിന് കാരണമെന്താണ്?” ജോഷി ചോദിച്ചു.

അതേസമയം, ശിരോവസ്ത്രം വിഷയത്തിൽ സ്കൂളിന് വീഴ്ച ഉണ്ടായതായാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം. കുട്ടിയോ രക്ഷിതാവോ ശിരോവസ്ത്രം ഒഴിവാക്കണമെന്ന് പറയുന്നതുവരെ അത് ധരിച്ച് ക്ലാസിൽ ഇരിക്കാനുള്ള അവകാശം കുട്ടിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ആ അവകാശം ചെറുതായാലും നിഷേധിക്കാനാവില്ല. ഒരൊറ്റ വിഭാഗത്തിന് അനുകൂലമായ നിലപാട് എടുക്കുന്നത് ശരിയല്ല,” മന്ത്രി കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് സ്കൂൾ വീണ്ടും തുറന്നെങ്കിലും, പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയില്ല. സ്കൂളിന് പുറത്തു പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Tag: PTA rejects Education Minister’s stance on hijab controversy; Child can continue studies wearing school uniform

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button